സിക്കുമത പ്രതിനിധികളുമായി മാർപ്പാപ്പയുടെ കൂടിക്കാഴ്ച; സേവനം ജീവിത രീതിയാക്കുന്നത് തുടരാൻ‌ ആഹ്വാനം

സിക്കുമത പ്രതിനിധികളുമായി മാർപ്പാപ്പയുടെ കൂടിക്കാഴ്ച; സേവനം ജീവിത രീതിയാക്കുന്നത് തുടരാൻ‌ ആഹ്വാനം

വത്തിക്കാൻ: വിവിധ രാജ്യാക്കാരായ സിക്കുമത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ദുബായിയിലെ സിക്കുമത ക്ഷേത്രമായ ഗുരു നാനാക്ക് ദർബാറിൻറെ നേതൃത്വത്തിലാണ് മത പ്രതിനിധികൾ വത്തിക്കാനിലെത്തിയത്. വിശ്വാസവും സേവനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ സഹോദരങ്ങൾക്കുള്ള സേവനത്തിലൂടെ ദൈവത്തിലെത്താനുള്ള ആധികാരിക പാതയാണെന്നും മാർപ്പാപ്പാ സിക്കു മത ഗ്രന്ഥമായ ഗുരു ഗ്രാന്ത് സാഹിബിലെ വാക്കുകൾ ഉദ്ധരിച്ച് പറഞ്ഞു.

ഏറ്റവും എളിയവർക്കായി സമൂഹത്തിൻറെ അരികുകളിലേക്കു തള്ളപ്പെട്ടവർക്കായി നിസ്വാർത്ഥമായി ചെയ്യുന്ന സേവനം നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും. അത് ജീവിത ശൈലിയായിരിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. തങ്ങൾ എത്തിച്ചേർന്നയിടങ്ങളിൽ സിക്കുമതസ്ഥർ വിശ്വാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന സേവനത്തിലുള്ള സംതൃപ്തി പാപ്പാ പ്രകടിപ്പിച്ചു.

വിശ്വാസത്തിൽ ജീവിക്കാനും സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നൽകാനുമുള്ള ശ്രമങ്ങൾ നടത്തുക. ഗുരു ഗ്രന്ഥ സാഹിബിൽ പറയുന്നതുപോലെ ദൈവത്തിലേക്കുള്ള യഥാർത്ഥ പാത നമ്മുടെ സഹജീവികളുടെ സേവനത്തിലാണ്. "എനിക്ക് വിശന്നു, നിങ്ങൾ എനിക്ക് ഭക്ഷണം തന്നു, എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു, ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു, ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എനിക്ക് വസ്ത്രം തന്നു, ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു, ഞാൻ കാരാ​ഗ്രഹത്തിലായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു" എന്ന യേശുവിന്റെ വാക്കുകൾ പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

സേവനം എപ്പോഴും നിങ്ങളുടെ ജീവിതരീതിയായി തുടരട്ടെ. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾ സേവിക്കുന്ന എല്ലാവർക്കും അനുഗ്രഹമാകട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.