ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍: വിധിയില്‍ സത്യസന്ധതയില്ല; ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്ന് ആര്‍.എസ് ശശികുമാര്‍

ദുരിതാശ്വാസ ഫണ്ട് വക മാറ്റല്‍: വിധിയില്‍ സത്യസന്ധതയില്ല; ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്ന് ആര്‍.എസ് ശശികുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളിയതില്‍ പ്രതികരിച്ച് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍. വിധി പ്രസ്താവത്തില്‍ സത്യസന്ധതയില്ലെന്നും ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ മുട്ടിലിഴയുകയാണെന്നും ശശികുമാര്‍ വ്യക്തമാക്കി.

കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്റെ ആദ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രധാന ഹര്‍ജിയും ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളുകയായിരുന്നു. തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ് ശശികുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2018 സെപ്റ്റംബര്‍ ഏഴിന് ഫയല്‍ ചെയ്ത കേസിലാണ് വിധി.

വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയാണ് ആദ്യം തള്ളിയത്. ഇതിന് പിന്നാലെ ഫണ്ട് വക മാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരായ പ്രധാന ഹര്‍ജിയും ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാമോ? കേസ് നിലനില്‍ക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകയുക്ത വിധി പറഞ്ഞത്.

വാദം കേട്ട രണ്ട് ഉപലോകായുക്തമാര്‍, ദുരിതാശ്വാസനിധി പരാതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പരേതനായ കെ.കെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തില്‍ വിധി പറയുന്നതില്‍ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിവാക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.