സീറോ മലബാർ സഭയുടെ രണ്ടാമത് ഓൺലൈൻ സിനഡ് നാളെ ആരംഭിക്കുന്നു

സീറോ മലബാർ സഭയുടെ രണ്ടാമത് ഓൺലൈൻ സിനഡ് നാളെ ആരംഭിക്കുന്നു

കാക്കനാട്: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ 29മത് സിനഡിന്റെ ഒന്നാം സെക്ഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. 2021 ജനുവരി 11 മുതൽ 16 വരെയാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോ മലബാർ സഭയിലെ മെത്രാന്മാർക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വന്ന് സിനഡിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഓൺലൈനായി സിനഡ് സമ്മേളനം നടത്തുന്നത്.

കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നേരത്തെ നൽകിയിരുന്നു. അതനുസരിച്ച് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി 2020 ആഗസ്റ്റ് മാസത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സിനഡ് നടന്നു. ജനുവരി 11 തിങ്കളാഴ്ച മുതൽ 16 ശനിയാഴ്ച വരെയുള്ള ഓരോ ദിവസവും വൈകുന്നേരം രണ്ടുമണിക്കൂർ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. സീറോ മലബാർ സഭയിലെ 63 മെത്രാന്മാരും സിനഡിൽ പങ്കെടുക്കുന്നുണ്ട്. 29-മത് സിനഡിന്റെ ഒന്നാം സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ മൗണ്ട് സെന്റ് തോമസിൽ പൂർത്തിയായി. 

സഭാതലവനെതിരെ വ്യാജ രേഖ ചമച്ച കേസിൽ സഭയിലെതന്നെവൈദീകർ പ്രതികളായി വന്ന സാഹചര്യത്തിൽ സിനഡ് എന്ത് നടപടി സ്വീകരിക്കും എന്ന് വിശ്വാസികൾ കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഭൂമി കച്ചവടകേസിൽ അതിരൂപതയ്ക്ക് നഷ്ടമോ നിയമലംഘനമോ ഉണ്ടായിട്ടില്ല എന്നുള്ള പോലീസ് കണ്ടെത്തലും സിനഡിൽ ചർച്ചയാകും. കൂടാതെ ആരാധനാക്രമ ഏകീകരണം, പാത്രിയാക്കൽ പദവി എന്നീ വിഷയങ്ങളും ന്യൂനപക്ഷാവകാശങ്ങളിലെ അസമത്വം, അടുത്തുവരുന്ന തിരഞ്ഞെടുപ്പികളിലെ സഭാ നിലപാട്, അഭയകേസിൽ വൈദീകനും സന്യാസിനിക്കും എതിരെ ഉണ്ടായ വിധി ഇവയൊക്കെ ചർച്ച ചെയ്യപ്പെടും എന്ന് കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.