എന്തുകൊണ്ട് അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ ലക്ഷ്യംവയ്ക്കുന്നു? ഭൂമിക്കടിയിലെ നിരവധി നിലകളില്‍ യുദ്ധസാമ്രാജ്യമൊരുക്കി ഹമാസ്

എന്തുകൊണ്ട് അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ ലക്ഷ്യംവയ്ക്കുന്നു? ഭൂമിക്കടിയിലെ നിരവധി നിലകളില്‍ യുദ്ധസാമ്രാജ്യമൊരുക്കി ഹമാസ്

ടെല്‍ അവീവ്: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ അടിയില്‍ ഹമാസ് പണിത തുരങ്കത്തില്‍ എത്തിയ ഇസ്രയേലി സൈന്യം ഞെട്ടി... അത്യാധുനിക പടക്കോപ്പുകളും മയക്കുമരുന്നുകളും സൂക്ഷിക്കാനുള്ള വിശാലമായ സ്ഥലങ്ങളും നൂറുകണക്കിന് ആളുകള്‍ക്ക് ആഡംബരത്തോടെ താമസിക്കാന്‍ കഴിയുന്ന മുറികളും ഉള്‍പ്പെടുന്ന നിരവധി നിലകളാണ് ആശുപത്രിക്കു താഴെ ഹമാസ് കുഴിച്ചുണ്ടാക്കിയിരിക്കുന്നത്.

ഗാസയിലെ അല്‍ ഷിഫ ആശുപത്രി എന്തുകൊണ്ടാണ് ഇസ്രയേല്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നത് എന്നതിന്റെ ഉത്തരമാണ് ഈ തുരങ്കം. ഹമാസ് ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ തുരങ്കമെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


ഇസ്രയേല്‍ പ്രതിരോധ സേന പങ്കിട്ട അല്‍-ഷിഫ ആശുപത്രിക്കുള്ളിലെ ഹമാസ് സെന്ററുകളുടെ ഗ്രാഫിക് ഫോട്ടോ

ഹമാസിന്റെ ആയുധപ്പുരയാണ് ഈ തുരങ്കം. ആശുപത്രിക്ക് ഉള്ളിലും ആശുപത്രിയുടെ അടിയിലും ഹമാസ് ആയുധങ്ങള്‍ ശേഖരിച്ച് കുന്നുകൂട്ടിയിരിക്കുന്നു. ആശുപത്രിയില്‍ വൈദ്യുതി ഇല്ലാതെ ഇന്‍കുബേറ്ററുകളില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴും ഭൂമിക്കടിയിലുള്ള തുരങ്കത്തില്‍ സുരക്ഷിതമായിരിക്കുകയാണ് ഹമാസ് അംഗങ്ങള്‍.

അല്‍-ഷിഫ ഹോസ്പിറ്റലിനു കീഴിലാണ് ഹമാസിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമെന്ന് ഇസ്രയേല്‍ നേരത്തെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തെളിവായി ഇതിന്റെ ദൃശ്യങ്ങളും ഓഡിയോയും ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് നല്‍കിയിരുന്നു.


ഗാസ ഇസ്രയേലിന്റെ കൈവശമുള്ളപ്പോള്‍ നിര്‍മ്മിച്ച ആശുപത്രിയിലെ ബേസ്മെന്റ് ഹമാസ് ആദ്യം കൈക്കലാക്കി പിന്നീട് നിരവധി നിലകള്‍ നിര്‍മിച്ച് തുരങ്കങ്ങള്‍ കൂട്ടിച്ചേര്‍ത്തതായി പേര് വെളിപ്പെടുത്താതെ എട്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ തുരങ്കമായതിനാല്‍ ഹമാസിന് ഇത് സുരക്ഷിതമായ താവളമാണ്. ഇസ്രയേല സൈനികര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതും. ആശുപത്രിക്കുള്ളില്‍ നിന്നും ചുറ്റുമുള്ള പ്രദേശത്തു നിന്നും ഇതിലേക്ക് നിരവധി പ്രവേശന കവാടങ്ങളുണ്ടെന്നും ഇസ്രയേല്‍ പറയുന്നു.

ആശുപത്രിയില്‍നിന്ന് വഴിതിരിച്ചുവിടുന്ന വൈദ്യുതി ഉപയോഗിച്ചാണ് താഴെയുള്ള നിലകളിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

യോഗങ്ങള്‍ നടത്താനുള്ള മുറികളും അടുക്കള, കിടപ്പുമുറി ഉള്‍പ്പെടുന്ന താമസ സ്ഥലങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ഉള്‍പ്പെടെ 16 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഭൂഗര്‍ഭ നിലകളില്‍ നൂറുകണക്കിന് ആളുകളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂഗര്‍ഭ തുരങ്കങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങളും ഭക്ഷണവും കുടിവെള്ളവും ഓക്‌സിജന്‍ സംവിധാനങ്ങളും ഇലക്ട്രിക് ജനറേറ്ററുകളും ഉള്‍പ്പെടെ ദീര്‍ഘകാല അതിജീവനത്തിനുള്ള സൗകര്യങ്ങള്‍ ഹമാസ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.

2014-ല്‍ ഹമാസ് പലപ്പോഴും ആശുപത്രി വളപ്പില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനുള്ള സ്ഥലമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയുടെ മറ്റ് ഭാഗങ്ങള്‍ ഒരു മെഡിക്കല്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴും തങ്ങളുടെ എതിരാളികളെന്നു സംശയിക്കുന്നവരെ തടങ്കലിലാക്കാനും ചോദ്യം ചെയ്യാനും പീഡിപ്പിക്കാനുമുള്ള കേന്ദ്രമായും ഹമാസ് ആശുപത്രിയിലെ നിലവറകള്‍ ഉപയോഗിച്ചിട്ടുള്ളതായുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടും ന്യൂയോര്‍ക്ക് ടൈംസ് ഉദ്ധരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.