അല്‍ ഷിഫയില്‍ ഹമാസിന്റെ ആയുധങ്ങളും ആസ്തി രേഖകളും കണ്ടെത്തി; ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

അല്‍ ഷിഫയില്‍ ഹമാസിന്റെ ആയുധങ്ങളും ആസ്തി രേഖകളും  കണ്ടെത്തി; ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു

നവജാത ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകള്‍, ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഇസ്രയേലില്‍ നിന്ന് സൈനിക ടാങ്കുകള്‍ എത്തിച്ച് അല്‍ ഷിഫ ആശുപത്രിക്ക് കൈമാറി.

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ പരിശോധനയില്‍ ഹമാസ് ഉപയോഗിക്കുന്നതെന്ന് കരുതുന്ന നിരവധി ആയുധങ്ങള്‍ കണ്ടെത്തി. ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

ആയുധങ്ങള്‍ കൂടാതെ ഹമാസിന്റെ ആസ്തികള്‍ സംബന്ധിച്ച രേഖകളും കണ്ടെത്തി. അതിനിടെ ആശുപത്രിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഹമാസ് തോക്കുധാരികളെ സൈന്യം വധിച്ചു. ദി ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ഷിഫ ആശുപത്രിയെ ഹമാസ് തങ്ങളുടെ സൈനിക താവളമായി ഉപയോഗിച്ചതിന് കൃത്യമായി തെളിവുകള്‍ ലഭിച്ചതായും അവ പിന്നീട് പരസ്യപ്പെടുത്തുമെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് വ്യക്തമാക്കിയതായി ദി ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവജാത ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകള്‍, ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഇസ്രയേലില്‍ നിന്ന് ഐഡിഎഫ് ടാങ്കുകള്‍ കൊണ്ടു വന്ന് അല്‍ ഷിഫ ആശുപത്രിക്ക് കൈമാറിയതായി സൈന്യം അറിയിച്ചു. മെഡിക്കല്‍ ടീമുകളും അറബി ഭാഷ സംസാരിക്കുന്ന സൈനികരും ഈ സാധനങ്ങള്‍ ആവശ്യമുള്ളവരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥലത്തുണ്ട്.

ആശുപത്രിയില്‍ വെടിവയ്പ്പ് നടന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നും സൈനികര്‍ ഓരോ മുറികളിലും കയറിയിറങ്ങി പരിശോധന നടത്തുകയാണ് ചെയ്യുന്നതെന്നും സൈനികര്‍ക്കൊപ്പം വിദഗ്ധരും അറബി സംസാരിക്കുന്നവരും ഉണ്ടെന്നും ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 650 രോഗികള്‍ നിലവില്‍ ആശുപത്രിയിലുണ്ടന്ന് മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞു. 5,000 മുതല്‍ 7,000 വരെ കുടിയൊഴിപ്പിക്കപ്പെട്ട സിവിലിയന്‍മാരും ആശുപത്രി വളപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആശുപത്രിയില്‍ പരിശോധന നടത്താന്‍ ഇസ്രയേലിനെ അനുവദിക്കുന്നതിന് പിന്നില്‍ അമേരിക്കയാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.