ഓസ്‌ട്രേലിയയില്‍ ഗാസയ്ക്കു വേണ്ടി ഗ്രീന്‍സ് പാര്‍ട്ടിയുടെ ഒപ്പുശേഖരണം; പിന്തുണയുമായി ലേബര്‍ പാര്‍ട്ടിയിലെ രണ്ട് എംപിമാര്‍: വിവാദം

ഓസ്‌ട്രേലിയയില്‍ ഗാസയ്ക്കു വേണ്ടി ഗ്രീന്‍സ് പാര്‍ട്ടിയുടെ ഒപ്പുശേഖരണം; പിന്തുണയുമായി ലേബര്‍ പാര്‍ട്ടിയിലെ രണ്ട് എംപിമാര്‍: വിവാദം

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി രണ്ട് എംപിമാര്‍ ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള ഗ്രീന്‍സ് പാര്‍ട്ടിയുടെ ക്യാമ്പെയ്‌നില്‍ പങ്കുചേര്‍ന്നു.

ലേബര്‍ സെനറ്റര്‍ ഫാത്തിമ പേമാനും കാല്‍വെലില്‍നിന്നുള്ള ലേബര്‍ അംഗം മരിയ വാംവാകിനോയുമാണ് ഗ്രീന്‍സ് പാര്‍ട്ടി നടത്തുന്ന ക്യാമ്പെയ്‌നില്‍ പങ്കാളികളായത്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഒപ്പ് ശേഖരണത്തിന് ഇവര്‍ പിന്തുണ നല്‍കുകയായിരുന്നു.

ഇസ്രയേല്‍-ഹമാസ് പോരാട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന, 120,000-ലധികം ഓസ്ട്രേലിയക്കാര്‍ ഒപ്പിട്ട നിവേദനങ്ങള്‍ മരിയ വാംവാകിനോയും ഫാത്തിമ പേമാനും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. അതിനു ശേഷം ഇവര്‍ ഗ്രീന്‍സ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് പാര്‍ലമെന്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ഇസ്രയേലിന് പിന്തുണ നല്‍കുന്ന ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ് ഇരുവരുടെയും പ്രവൃത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

യുദ്ധ നിയമങ്ങള്‍ പാലിക്കാനും സിവിലിയന്‍ മരണങ്ങള്‍ തടയാനും ഇസ്രയേലില്‍ സമ്മര്‍ദം ചെലുത്തുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പക്ഷേ വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. നേരത്തെ, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ പൊതുസഭയില്‍ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഓസ്‌ട്രേലിയ വിട്ടുനിന്നിരുന്നു.

ഹമാസ് ബന്ദികളാക്കിയ 200 ലധികം ബന്ദികളെ മോചിപ്പിക്കണമെന്നും ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ എന്ന ആവശ്യം ഉന്നയിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ് നിലപാടെടുത്തിരുന്നു.

ഗാസയില്‍ വെടിനിര്‍ത്തലിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യണമെന്നും ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി ഓസ്ട്രേലിയന്‍ ജനത മാര്‍ച്ച് ചെയ്യണമെന്നും മരിയ വാംവാകിനോ പറഞ്ഞു.

ഗാസയില്‍ നടക്കുന്ന യുദ്ധത്തെച്ചൊല്ലി ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും വലിയ വാഗ്വാദങ്ങള്‍ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ യഹൂദ വിരുദ്ധതയെ ആയുധമാക്കാന്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി ആന്റണി അല്‍ബാനീസി ആരോപിച്ചു.

എന്നാല്‍ സ്വന്തം കോക്കസിനുള്ളിലെ ഭിന്നതകള്‍ മറികടക്കുന്നതിനും യഹൂദവിരുദ്ധത ഇല്ലാതാക്കുന്നതിനും നമ്മുടെ രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ആവശ്യമായ നേതൃത്വം പ്രകടിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതായി ഡട്ടണും തിരിച്ചടിച്ചു.

ഇസ്രയേലിനെതിരേ നിലപാടെടുക്കാന്‍ നിരവധി എംപിമാര്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇൗ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.