വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ബിജെപി; ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്ഐ

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്:  രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ബിജെപി; ഡിജിപിക്ക്  പരാതി നല്‍കി ഡിവൈഎഫ്ഐ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കിയ സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ആരോപിച്ച് ബിജെപിയും ഡിവൈഎഫ്ഐയും നിയമ നടപടികളിലേക്ക്. പാലക്കാട്ടെ ഒരു എംഎല്‍എയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡാണ് ഉണ്ടാക്കിയതെന്നും കേരളത്തിലെ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ഒരു എംഎല്‍എയാണ് ബംഗളൂരുവില്‍ ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും മുന്നില്‍ വിഷയത്തില്‍ പരാതി വന്നിരുന്നു. ഈ പരാതി മൂടിവെച്ചത് ഗൗരവകരമാണെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും വി.ഡി സതീശനടക്കം ഇതില്‍ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. വിഷയത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ഡി.ജി.പിക്ക് പരാതി നല്‍കി.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ രംഗത്തെത്തി. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണിത്. വാര്‍ത്തയില്‍ ഇടംപിടിക്കാനുള്ള അല്‍പ്പത്തരത്തിനപ്പുറം ഇതില്‍ ഒന്നുമില്ല.

സംഭവം തങ്ങളുടെ ശ്രദ്ധയില്‍ ഇതുവരെ വന്നിട്ടില്ല. സംഭവത്തില്‍ പ്രതികരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. അവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

എന്നാല്‍ ആരോപണം കോണ്‍ഗ്രസിനേയും യൂത്ത് കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തെ ന്യായീകരിക്കുന്ന പെടാപ്പാടിലാണ് നേതാക്കള്‍. വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഒരു ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ഡിവൈഎഫ്‌ഐയുടെതടക്കം ഡി.ജി.പിക്ക് കിട്ടിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചാല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയെന്നാണ് സൂചന.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കുറ്റിപ്പുറത്ത് വിജയിച്ച മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹത്തെ കാണാനില്ലെന്നും പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. 234 വോട്ടുമായി രണ്ടാം സ്ഥാനം ലഭിച്ച മുസ്തഫ പുഴനമ്പ്രത്താണ് വൈസ് പ്രസിഡന്റായത്. എ ഗ്രൂപ്പുകാരനായ മുസ്തഫയെ മണ്ഡലം പ്രസിഡന്റാക്കാനായിരുന്നു ധാരണ.

എന്നാല്‍ മുസ്തഫ, ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ മലപ്പുറത്ത് നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്തതോടെയാണ് ഔദ്യോഗിക പക്ഷത്തിന് അസ്വീകാര്യനായത്. അങ്ങനെയാണ് ഒരു മുഹമ്മദ് റാഷിദ് സ്ഥാനാര്‍ഥിയാകുന്നത്.

കോണ്‍ഗ്രസുകാര്‍ വോട്ടര്‍ പട്ടിക വെച്ച് അരിച്ചു പെറുക്കിയിട്ടും ഇങ്ങനെയൊരാളില്ല. പിന്നെങ്ങനെ 'അദൃശ്യന്‍' മണ്ഡലം പ്രസിഡന്റായെന്നത് ഉത്തരംക ിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.