വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ

വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയ

ധാർമ്മികമൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ആധുനികയുഗത്തിൽ, മൂല്യബോധവും പ്രേഷിതചൈതന്യവും വിശുദ്ധിയുമുള്ള തലമുറകളെ വാർത്തെടുക്കാൻ വിശുദ്ധാത്മാക്കളുടെ വീരചരിതങ്ങൾ സഹായിച്ചേക്കാം.

പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽക്കരിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ റാണിമരിയക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. എഫ്. സി. സി യിൽ വിരിഞ്ഞ ആ പുണ്യപുഷ്പം, ഈശോയുടെ മാർഗ്ഗത്തിൽ നടന്നതിന്റെ പേരിൽ രക്തം ചിന്തിയവൾ ഇന്ന് സഭയിലെ വാഴ്ത്തപ്പെട്ടവളാണ്.

എറണാകുളം ജില്ലയിലെ പുല്ലുവഴിയിൽ 1954 ജനുവരി 30ന് ജനിച്ച മറിയം എന്ന കുഞ്ഞിനെ മേരികുഞ്ഞെന്ന ഓമനപ്പേരിട്ട് എല്ലാവരും വിളിച്ചു.

സാമ്പത്തിക ഭദ്രതയുള്ള ആ കുടുംബത്തിൽ പൈലോച്ചന്റെയും ഏലീശാമ്മയുടെയും ഏഴ് മക്കളിൽ രണ്ടാമത്തവൾ ആയിരുന്നു മേരികുഞ്ഞ്. ദൈവസ്നേഹത്തിൽ വളർന്ന അവൾ ആദ്യം പഠിച്ച വാക്ക് ഈശോ എന്നായിരുന്നു. വളരും തോറും ഈശോ എന്ന വാക്ക് നാമജപമായി. പള്ളി അടുത്തായതിനാൽ വല്യമ്മച്ചി എന്നും പള്ളിയിൽ പോകും. കുഞ്ഞുമേരിയെയും കൊണ്ടുപോകും. പോകുന്ന വഴിയിൽ ഒന്നും മിണ്ടില്ല, ജപമാല ചൊല്ലുന്നതല്ലാതെ. അത് നിർബന്ധമാണ് വെല്യമ്മച്ചിക്ക്. ആ പരിശീലനമാണ് മേരിക്കുഞ്ഞിനെ പ്രാർത്ഥനയിൽ വളർത്തിയത്.

ഏഴാമത്തെ വയസ്സിൽ ആദ്യകുർബ്ബാന സ്വീകരിച്ചു. സുകൃതജപങ്ങൾ ചൊല്ലിയും ആശയടക്കങ്ങൾ പാലിച്ചും ആ കൊച്ചുഹൃദയം അവൾ ഏറെ അലങ്കരിച്ചു. ഈശോയെ ആദ്യമായി സ്വീകരിച്ച അന്നാണ് ഈശോക്ക്‌വേണ്ടി മാത്രം ജീവിക്കണം എന്ന ആഗ്രഹം അവളിൽ മുളപൊട്ടിയത്. എന്തുചെയ്യുമ്പോഴും യേശുനാമം ജപിക്കുന്നത് പതിവായി.

നല്ല അനുസരണയുള്ള കുട്ടിയായിരുന്നു മേരിക്കുഞ്ഞ്. അമ്മയെ അടുക്കളയിലും ചാച്ചനെ കൃഷിപ്പണിയിലും സഹായിക്കും. പഠനത്തിലും മിടുക്കി. 

പന്ത്രണ്ട് വയസ്സുള്ളപ്പോൾ സ്ഥൈര്യലേപനം സ്വീകരിക്കാൻ ഒരുങ്ങുമ്പോൾ അമ്മച്ചി പറഞ്ഞുകൊടുത്തു, “പരിശുദ്ധാത്മാവാണ് നന്മകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ആ പ്രേരണകൾ കൃത്യമായി പാലിച്ചാൽ വിശുദ്ധിയിൽ വളരാം”. അന്നുമുതൽ കിട്ടുന്ന സദ്പ്രേരണകളൊന്നും അവൾ നിരസിച്ചില്ല. 

വിശുദ്ധരെപ്പറ്റി വായിക്കുന്നത് ഇഷ്ടമായിരുന്ന മേരിക്കുഞ്ഞിന്റെ ഉറ്റചങ്ങാതിയായിരുന്നു ‘കുഞ്ഞു മിഷനറി’ എന്ന കുഞ്ഞുമാസിക. അത് വായിച്ചുതുടങ്ങിയത് മുതൽ മിഷൻ ചൈതന്യം അവളിൽ ശക്തമായി. പാവങ്ങളെയും ഭിക്ഷക്കാരെയും ഏറെ സ്നേഹിച്ചിരുന്ന മേരി പാവപ്പെട്ടവർക്കുവേണ്ടി മാത്രം ജീവിക്കാൻ കൊതിച്ചു. അവൾ ചെറുപുഷ്‌പം മിഷൻ ലീഗിന്റെ സജീവപ്രവർത്തകയായി.

മഠത്തിൽ ചേരുന്നതിനു മുൻപേ ദാരിദ്ര്യവും ലാളിത്യവും അവളുടെ സ്നേഹിതരായി. പട്ടുടുപ്പുകളും സ്വർണ്ണാഭരണങ്ങളും അവൾ ഇഷ്ടപ്പെട്ടില്ല. 

എസ്എസ്എൽസി പരീക്ഷ നല്ല മാർക്കോടെ പാസ്സായി ക്കഴിഞ്ഞപ്പോൾ മഠത്തിൽ ചേരുന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചു. ചാച്ചന്റെ സമ്മതം ലഭിക്കാൻ പ്രയാസമുണ്ടായില്ല . അടുത്ത് വേറെ മഠമുണ്ടെങ്കിലും അകലെയുള്ള ക്ലാരമഠത്തിൽ ചേരാനായിരുന്നു മേരിക്കുഞ്ഞിനിഷ്ടം. 1973 ജൂലൈ 3 നു മേരിയും ബന്ധുവായ സിസിലിയും പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രിയപ്പെട്ടവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും മേരിക്കുഞ്ഞിന്റെ മുഖം പ്രസന്നമായിരുന്നു.” നിങ്ങൾ എന്തിനാണ് കരയുന്നത് ? കല്യാണം കഴിച്ചാലും ഞാൻ ഇവിടെ നിന്ന് പോകണ്ടേ? എന്റെ ഈശോയുടെ മണവാട്ടിയാകാനാണ് ഞാൻ പോകുന്നത് ". അങ്ങനെ അവർ ക്ലാരമഠത്തിൽ ചേർന്നു. 

വളരെ സ്മാർട്ടായ, എപ്പോഴും ചിരിക്കുന്ന, എല്ലാം നന്നായി ചെയ്യുന്ന, ആരെപ്പറ്റിയും പരാതി ഇല്ലാത്ത ആളായിരുന്നു അവൾ അവിടെ. എപ്പോഴും പ്രാർത്ഥനയും സുകൃതജപങ്ങളും ആ ചുണ്ടിൽ തങ്ങിനിന്നു. ഈശോയുടെ നാമം സുകൃതജപമായി ചൊല്ലാനായിരുന്നു അവൾക്ക് ഏറ്റവും ഇഷ്ടം. മരിക്കുമ്പോഴും അത് നാവിലുണ്ടായിരുന്നു.

അവളുടെ നോവിസ് മിസ്ട്രസ് ആയ സിസ്റ്റർ ഇൻഫന്റ് മേരി, മിഷന് പോയ കഥകൾ പറയുന്നത് കേട്ട് അവളിലും നോർത്ത് ഇന്ത്യയിൽ പോയി പാവങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള ആഗ്രഹമുദിച്ചു.

‘കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവനെന്നെ അഭിഷേകം ചെയ്തിരിക്കുന്നു എന്ന് തുടങ്ങുന്ന ബൈബിൾ വാചകം ആയിരുന്നു മേരികുഞ്ഞിനു ഏറ്റവും പ്രിയപെട്ട ആപ്തവാക്യം. 

മിഷനറി ആവുമ്പോൾ ഭാഷ ഒരു പ്രശ്നമാവാതിരിക്കാൻ പാട്നയിൽ പോയി ഭാഷ പഠിച്ചു. അതിനുശേഷം യോഗ്യതയുള്ള ടീച്ചേർസിന്റെ അഭാവത്തിൽ ബിജ്‌നോർ രൂപതയിൽ സെൻ്റ് മേരീസ് കോൺവെന്റിൽ രണ്ടു കൊല്ലം ടീച്ചറായി ജോലി നോക്കേണ്ടി വന്നു. 1980 മെയ് 22 ന് നിത്യവ്രതവാഗ്ദാനം ചെയ്തു. സിസ്റ്റർ റാണിമരിയ എന്ന പേര് സ്വീകരിച്ചു.

എറണാകുളം പ്രൊവിൻസ് വടക്കേ ഇന്ത്യയിൽ മിഷൻ പ്രവർത്തനം ആരംഭിച്ചിരുന്നു. അധികാരികളുടെ അനുഗ്രഹത്തോടെ സിസ്റ്റർ റാണിമരിയയുടെ പ്രവർത്തനമേഖല അവിടെയായി.

തികച്ചും ദരിദ്രരായ ജനം. രോഗവും പട്ടിണിയും അജ്ഞതയും എല്ലാം കൂടെ അവരെ അടിച്ചമർത്തുന്നു. അവരെ രക്ഷിക്കാനുറച്ച് ഊണും ഉറക്കവുമില്ലാത്തതു പോലെ അവൾ അധ്വാനിച്ചു. ഒരു കൂട്ടുകാരിയുമൊത്ത് എല്ലാ ഭവനങ്ങളും കയറിയിറങ്ങി. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു. കുട്ടികൾക്കായി ബാലവാടികളും മുതിർന്നവർക്കായി വിദ്യാസമാജങ്ങളും സ്ഥാപിച്ചു. അധികം പേരും ബ്ലേഡ് പലിശക്കാരുടെ കടക്കെണിയിൽ കുടുങ്ങി കിടക്കുന്നതായും ജന്മിമാരുടെ മർദ്ദനങ്ങൾക്കും ചൂഷണങ്ങൾക്കും അടിപ്പെട്ടവരാണെന്നും അവൾ മനസ്സിലാക്കി. ഓഫീസുകൾ കയറിയിറങ്ങി ഒരുപാട്. കൂടെയുള്ള സിസ്റ്ററിനെ ധൈര്യപ്പെടുത്തിക്കൊണ്ട് റാണി പറയും ” ശക്തനായ ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ ആരെ പേടിക്കാനാണ്”.

ബിജ്‌നോറിൽ നിന്ന് സത്‌നാ രൂപതയിലേക്കാണ് അവൾ പോയത്. അവിടുത്തെ ഓഡ്‌ഗഡി പ്രദേശം വലിയ വനഭൂമിയാണ്. പാവപ്പെട്ട ആദിവാസികളാണ് അവിടുണ്ടായിരുന്നത്. അവർക്ക് പാർപ്പിടമില്ല, വെള്ളമില്ല, ഭക്ഷണമില്ല, മരുന്നിനു വഴിയില്ല, കാട്ടുമൃഗങ്ങളുടെയും പകർച്ച വ്യാധികളുടെയും ആക്രമണവും. വീടില്ലാത്തവർക്ക് സിസ്റ്റർ മൂലം വീടുണ്ടായി. വെള്ളമില്ലാത്തിടത്തു വെള്ളമായി. വൈദ്യുതിയും ഗ്രാമങ്ങളെ പ്രകാശിപ്പിച്ചു. ബൈബിൾ സന്ദേശങ്ങൾ സിസ്റ്റർ കഥകളിലൂടെ പങ്കുവെച്ചു. ജാതിമതവർഗ്ഗഭേദമന്യേ അവൾ അവർക്ക് എല്ലാമായി. പാവങ്ങളുടെ അമ്മ, ചിരിക്കുന്ന സിസ്റ്റർ എന്നൊക്കെയാണ് സാധാരണ ജനങ്ങൾ അവളെ വിളിച്ചത്.

അങ്ങനെ അവൾ ഉദയനഗറിലെത്തി. എല്ലാ മതവിഭാഗക്കാരും ഉണ്ടവിടെ, പ്രസന്നമായ മുഖവും മധുരിക്കുന്ന തേന്മൊഴികളും കൊണ്ട് സിസ്റ്റർ റാണി എല്ലാവരുടെയും സ്നേഹഭാജനമായി. സിസ്റ്റർ റാണി മരിയ ആദ്യം ചെയ്തത് മരത്തണലിൽ കൊച്ചുകൊച്ചു സ്‌കൂളുകൾ സ്ഥാപിച്ച് അവരെ ബോധവാന്മാരാക്കുകയായിരുന്നു. മനുഷ്യാവകാശങ്ങൾ അവരെ മനസ്സിലാക്കി, സേവാസമിതികൾ സ്ഥാപിച്ചു ലഘുവായ പലിശക്ക് പണം കടം കൊടുത്തു തുടങ്ങി. കൃഷിക്കാവശ്യമായ വിത്ത്, വളം, കീടനാശിനി ഇവയൊക്കെ ഗവൺമെന്റിൽ നിന്ന് വാങ്ങികൊടുത്തു. അറിവിന്റെ പ്രകാശത്തിൽ ഉദയനഗർ മാത്രമല്ല ഇൻഡോർ ജില്ല മുഴുവനും പ്രകാശിച്ചു തുടങ്ങി.

ഒൻപതു വർഷം കൊണ്ട് ഉദയനഗറിലെ പാവങ്ങളെ സ്വയം പര്യാപ്തരാക്കിയ ശേഷം 1992 ൽ ഇൻഡോറിലേക്ക് പറന്നു. ആളുകൾ മുഴുവൻ അവളെ പ്രശംസിക്കുമ്പോൾ ജന്മികളും ബ്ലേഡുകാരും അവളെ അങ്ങേയറ്റം വെറുത്തു. സിസ്റ്റർ റാണി അവരുടെ നോട്ടപ്പുള്ളിയായി. പലപ്പോഴും വധഭീഷണി മുഴക്കി. ഇതുകൊണ്ടൊന്നും റാണിമരിയ തെല്ലും തളർന്നില്ല. ഗ്രാമീണർ പുരോഗതി പ്രാപിച്ചു തുടങ്ങി. പട്ടിണിപാവങ്ങൾ സ്വയം പര്യാപ്തത നേടിക്കൊണ്ടിരുന്നു.

തിരുസക്രാരിയുടെ മുന്നിൽ ഏറെനേരം പ്രാർത്ഥിച്ചിട്ടാണ് അവൾ ദൗത്യനിർവഹണത്തിന് ഇറങ്ങിയിരുന്നത്. ചിലപ്പോഴൊക്കെ കണ്ണീരൊഴുക്കി ഇരിക്കുന്നത് കാണാമായിരുന്നു. ജാതിമതഭേദമന്യേ അവൾ പാവങ്ങളുടെ റാണിയായി. ഭൗതികനേട്ടങ്ങളെക്കാൾ കൂടുതൽ ദൈവത്തിനു വേണ്ടിയാണു ജനങ്ങൾ ദാഹിക്കുന്നതെന്നു സിസ്റ്റർ മനസ്സിലാക്കി. ദരിദ്രരോട് അവൾ സുവിശേഷം പ്രസംഗിച്ചു. രക്ഷകനായ ഈശോയെ കാട്ടിക്കൊടുത്തു ആദിവാസികളും ഗിരിവർഗ്ഗക്കാരുമൊക്കെ അന്തസ്സുള്ളവരായി. 

ജന്മികൾക്ക് സിസ്റ്റർ റാണിമരിയ ഒരു തലവേദനയായി. കണ്ണിലെ കരടായി. ഒന്നുകിൽ അവളെ ഓടിക്കണം അല്ലെങ്കിൽ കൊന്നുകളയണം എന്ന് തീരുമാനിച്ചു. പക്ഷെ സിസ്റ്റർ റാണിമരിയ കുലുങ്ങിയില്ല. ആ നാട്ടിലെ വലിയ കലാപനേതാവാണ്‌ ജീവൻ സിംഗ്. അയാളെ പരിഹസിച്ചെന്നു പറഞ്ഞു ഏതാനും നിരപരാധികളെ തടവിലാക്കി. സിസ്റ്റർ റാണിമരിയ അവരുടെ നിരപരാധിത്വം തെളിയിച്ചു അവരെ വെളിയിലിറക്കി. ഇത് ശത്രുക്കളെ ഏറെ പ്രകോപിപ്പിച്ചു. അവളെ ഇല്ലാതാക്കാൻ തന്നെ അവർ തീരുമാനിച്ചു. ജീവൻസിംഗ് , സമുന്ദർ സിംഗ്, ധർമ്മേന്ദ്രസിംഗ്  മൂവരും കൂടി പദ്ധതികളൊരുക്കി.

പതിവുപോലെ 1995 ഫെബ്രുവരി 25 ന് സിസ്റ്റർ റാണിമരിയ അതിരാവിലെ എണീറ്റു. അവൾക്ക് ഇൻഡോറിലേക്കുള്ള ആദ്യത്തെ ബസ് പിടിച്ച് പിന്നെ ഭോപ്പാലിലെ പ്രോവിൻഷ്യൽ ഹൗസിൽ പോയി, അതിനുശേഷം കേരളത്തിൽ പോയി വീട്ടുകാരെ ഒന്ന് കാണണം. ഇതായിരുന്നു പ്ലാൻ. ഏറെ നാളായി അവരെ ഒന്ന് കണ്ടിട്ട്. മരം കോച്ചുന്ന തണുപ്പ്. എല്ലാവരേക്കാളും നേരത്തെ തന്നെ സിസ്റ്റർ റാണിമരിയ ചാപ്പലിലെത്തി പ്രാർത്ഥനയിൽ മുഴുകി. പ്രഭാത ഭക്ഷണത്തിനു ശേഷം ഇറങ്ങാൻ നേരം ബൈബിൾ പതിവുപോലെ തുറന്നെടുത്തു, ”ഇതാ നിന്നെ ഞാനെന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു’ എന്ന വചനമാണ് കിട്ടിയത്. രണ്ടു സഹോദരിമാരെ കൂട്ടിക്കൊണ്ട് സിസ്റ്റർ ബസ്സ്റ്റോപ്പിലേക്ക് നടന്നു. 


ഇൻഡോറിലേക്കുള്ള ആദ്യബസ് 7 മണിക്കുള്ളത് ക്യാൻസൽ ആയിരിക്കുന്നു. 8 മണിക്ക് ‘കപിൽ’ എന്ന ബസ് പടിക്കലെത്തി. സഹോദരിമാരോട് യാത്ര പറഞ്ഞ് റാണി ബസ്സിൽ കയറി. അതൊരു കാൽവരി യാത്രയാണെന്നു അവളറിഞ്ഞില്ല. സമുന്ദർ സിംഗ് അടുത്ത സീറ്റിലുണ്ട്. ജീവൻ സിംഗും ധർമ്മേന്ദ്രസിംഗും യാത്രക്കാർക്കിടയിൽ. സീറ്റിൽ ഇരുന്ന ഉടൻ സിസ്റ്റർ പ്രാർത്ഥിച്ചു. എന്തൊക്കെയോ അസ്വസ്ഥതകൾ ഉള്ളിൽ. സാധാരണയായി മുൻനിരയിലാണ് സിസ്റ്റേഴ്സ് നു ഇടംകിട്ടാറുള്ളത്, ഇതിപ്പോൾ പിൻസീറ്റിലാണ്. തലേദിവസം മുരിങ്ങൂരിൽ ധ്യാനിച്ചുകൊണ്ടിരുന്ന സിസ്റ്റർ തേരേസക്ക് ഒരു ദർശനം ലഭിച്ചിരുന്നു, അവരുടെ സമൂഹത്തിൽ നിന്നൊരു രക്തസാക്ഷിയുണ്ടാകുമെന്ന്.

ഇൻഡോറിലേക്കുള്ള ‘കപിൽ’ ബസ് ഓടിക്കൊണ്ടിരിക്കുന്നു, പർവ്വതത്തിന്റെ അടിവാരത്തിലൂടെ , ജനവാസമില്ലാത്ത ഘോരവനങ്ങളിലൂടെ. ഒരു ശിലാപ്രതിഷ്ഠ കണ്ട സമുന്ദർ സിംഗ് അവിടെ ഇറങ്ങി, ഇഷ്ടദേവതക്ക് പൂജയർപ്പിക്കാൻ. പൊതിച്ച തേങ്ങ ഉടച്ചു മധുരനീര് ദേവതക്ക് സമർപ്പിച്ച ശേഷം ബസ്സിൽ കയറിയിരുന്നു. അയാൾ അസ്വസ്ഥനായി കാണപ്പെട്ടു. വാടകക്കൊലയാളിക്ക് പണം കൈപ്പറ്റിയതിനാൽ കൃത്യം ചെയ്യണമല്ലോ.

അയാൾ എഴുന്നേറ്റു തേങ്ങ പൂളി എല്ലാർക്കും കൊടുക്കാൻ തുടങ്ങി. ഏതോ പുണ്യകർമ്മത്തിനുള്ള ഒരുക്കം പോലെ. ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ഒട്ടും വൈകിയില്ല, ഒളിച്ചുവെച്ചിരുന്ന കത്തി അയാൾ വെളിയിലെടുത്തു.

പിൻസീറ്റിലായതു കൊണ്ട് അധികമാരും കാണില്ല. സിസ്റ്ററുടെ നേരെ തേങ്ങാക്കഷണം നീട്ടിയപ്പോൾ സിസ്റ്റർ ചോദിച്ചു, “എന്താണ് ഇന്നിത്ര സന്തോഷം?” “ഇതിനുതന്നെ” എന്ന് പറയലും കത്തിമുന അടുത്ത നിമിഷം സിസ്റ്റർ റാണിമരിയയുടെ മുഖത്തേക്ക് തറച്ചു കയറലും ഒപ്പം കഴിഞ്ഞു. വേദന കൊണ്ട് സിസ്റ്റർ പുളഞ്ഞു ഉച്ചത്തിൽ നിലവിളിച്ചു, "എന്റെ ഈശോ, എന്റെ ഈശോ, മാതാവേ” കരച്ചിൽ കേട്ടാണ് എല്ലാവരും പുറകോട്ടു നോക്കുന്നത്. സിസ്റ്ററിന്റെ മുഖത്തുകൂടി രക്തം ഒഴുകുന്നു. ബസ്സിൽ കൂട്ടനിലവിളി. ജീവൻസിംഗ് സമുന്ദർസിംഗിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. തടയാനെത്തിയവരെ കൊലയാളി കത്തികാട്ടി ഭയപ്പെടുത്തി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ എല്ലവരും ബസ്സിൽ നിന്നിറങ്ങി ഓടി.

കൊലയാളികൾ സിസ്റ്ററിനെ ബസിൽനിന്ന് വലിച്ചിറക്കി. തിരിച്ചും മറിച്ചുമിട്ട് വീണ്ടും വീണ്ടും കുത്തി. ഓരോ കുത്തിനും അവൾ ഈശോ എന്ന് വിളിച്ചു കൊണ്ടിരുന്നു. ചെറുപ്പത്തിൽ വല്യമ്മച്ചി പരിശീലിപ്പിച്ച യേശുനാമജപം. ഏതാണ്ട് അൻപതോളം കുത്തു കഴിഞ്ഞപ്പോൾ സമുന്ദർ സിംഗ് രക്തത്തിൽ കുളിച്ചു. സിസ്റ്റർ റാണി മരിച്ചിട്ടില്ല. ഈശോയെ വിളിക്കുന്നതു് കേട്ട് ആ നരാധമൻ "നിന്റെ യേശു നിന്നെ രക്ഷിക്കാൻ വരുന്നത് കാണട്ടെ” എന്നുപറഞ്ഞു ആഞ്ഞുകുത്തി. അതോടെ സിസ്റ്റർ അന്ത്യശ്വാസം വലിച്ചു. മരണം ഉറപ്പുവരുത്തിയിട്ട് ആ കൊലയാളികൾ കൊടുങ്കാട്ടിലേക്ക് ഓടിമറഞ്ഞു. കാരുണ്യത്തിന്റെ മാടപ്രാവ് പറുദീസയിലേക്ക് പറന്നുയർന്നു.

എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച ഡ്രൈവറും കണ്ടക്ടറും അടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. "അവർ എന്നെ വെറുത്തെങ്കിൽ നിങ്ങളെയും വെറുക്കും. എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.”

പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചുപറഞ്ഞപ്പോൾ വിവരമറിഞ്ഞ മഠത്തിലെ അന്തേവാസികൾ അലറിക്കരഞ്ഞു. സിസ്റ്ററിന്റെ ശരീരം അപ്പോഴും നാചമ്പൂർ താഴ്‌വരയിൽ കിടക്കുകയാണ്. എല്ലവരും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ചാപ്പലിലേക്ക് ഓടി.

സക്രാരി കെട്ടിപ്പുണർന്നു കരഞ്ഞിരുന്ന മദർ കണ്ണുകളുയർത്തിയപ്പോൾ അതാ വെള്ളവസ്ത്രധാരിണിയായ ഒരു സിസ്റ്ററിന്റെ രൂപം. അവൾ പുഞ്ചിരിച്ചുകൊണ്ട് മറഞ്ഞു. അതേ, അത് സിസ്റ്റർ റാണി തന്നെ. സംശയമില്ല. ദുഃഖവാർത്തക്കിടയിലും സന്തോഷത്തിന്റെ ഒരു പൊൻകിരണം.

മൃതദേഹം കണ്ടെടുത്ത് ഇൻഡോറിലെ ഒരു ഹോസ്പ്പിറ്റലിൽ പോസ്റ്റ്മാർട്ടം നടത്തിയതിനു ശേഷം 26 നു വലിയ പ്രതിഷേധറാലി നടത്തി. നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഫെബ്രുവരി 27 നു ഉദയനഗറിൽ സിസ്റ്ററിനെ സംസ്ക്കരിച്ചു.

ഇൻഡോറിൽനിന്നു ഉദയനഗറിലേക്കുള്ള വിലാപ യാത്രക്കിടയിൽ ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാർ വഴിയോരങ്ങളിൽ നിന്ന് പൊട്ടിക്കരഞ്ഞു. “റാണി മരിയ അമർ രഹെ” എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. 

ഇടവക ദേവാലയത്തിന്റെ മുറ്റത്തു തയ്യാറാക്കിയിരുന്ന കല്ലറയിൽ മൃതദേഹം സംസ്കരിച്ചു, പ്രിയപ്പെട്ട അമ്മയും സഹോദരരും നോക്കിനിൽക്കെ.

സമുന്ദർ സിംഗിനെയും കൂട്ടാളികളെയും പോലീസ് പിടികൂടി ജയിലിലടച്ചു. സിസ്റ്റർ റാണിയുടെ സഹോദരി സിസ്റ്റർ സെൽമിയും FCC കോൺവെന്റ് അംഗമാണ്. കാൻസർ രോഗം ബാധിച്ച സിസ്റ്റർ ഒരു മേജർ ഓപ്പറേഷന് ശേഷം വിശ്രമിക്കുകയായിരുന്നു. ചേച്ചിയുടെ മരണവാർത്ത കേട്ട് ബോധമറ്റു വീണ അവളുടെ ഉള്ളിൽ കൊലയാളിയോട് ദേഷ്യം ആളിക്കത്തി. ഇരുപത്തിയാറാം തിയതി ചേച്ചിയുടെ മുറിവുകൾ നിറഞ്ഞ ദേഹത്തു ഉമ്മവെച്ചപ്പോൾ അവളുടെ മനസ്സ് ശാന്തമായി. കൊലയാളിയോട് ക്ഷമിക്കാനുള്ള തീവ്രമായ ആഗ്രഹം. അത് സിസ്റ്റർ റാണിയുടെ മധ്യസ്ഥത്താൽ ആണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അന്നുമുതൽ അയാളുടെ മാനസാന്തരത്തിനായി അവൾ പ്രാർത്ഥിച്ചു തുടങ്ങി.

ജയിൽ വാസികളുടെ ഇടയിൽ പ്രേഷിത പ്രവർത്തനം നടത്തുന്ന ഫാ. സദാനന്ദ് ആണ് ക്ഷമയുടെ വക്താവ് ആയത്. സിസ്റ്റർ സെലിൻ രക്ഷാബന്ധൻ ദിനത്തിൽ ചേച്ചിയുടെ കൊലയാളിക്ക് രാഖി കെട്ടികൊടുത്തപ്പോൾ സമുന്ദർ സിംഗ് പശ്ചാത്തപിച്ചു കണ്ണീരൊഴുക്കി. 2007ൽ ലോകം കണ്ടിട്ടുള്ളതിൽ വെച്ചു വലിയൊരു അത്ഭുതത്തിനാണ് സ്വർഗ്ഗവും ഭൂമിയും സാക്ഷ്യം വഹിച്ചത്. സിസ്റ്റർ റാണിമരിയയുടെ വീട്ടിലെത്തിയ കൊലപാതകിയെ അവളുടെ മാതാപിതാക്കൾ മാപ്പുകൊടുത്തു, അനുഗ്രഹിച്ചു, വിഭവ സമൃദ്ധമായ സദ്യയും കൊടുത്തു. ദൈവദാസിയും പിന്നീട് വാഴ്ത്തപ്പെട്ടവളുമായി സിസ്റ്റർ റാണിമരിയ പ്രഖ്യാപിക്കപ്പെടുമ്പോൾ നിറകണ്ണുകളോടെ, പശ്ചാത്താപ വിവശനായി സമുന്ദർസിംഗ് നിന്നു. “കർത്താവിനു വേണ്ടിയും അവിടത്തെ മക്കൾക്കുവേണ്ടിയും നന്മചെയ്യുമ്പോൾ നാം നിശിതമായി വിമർശിക്കപ്പെടാം. എതിർപ്പുകൾ ഉണ്ടാവാം, മരണം തന്നെയും സംഭവിക്കാം. എന്നാൽ നാം ധൈര്യമായി മുന്നോട്ടുപോകണം” സിസ്റ്റർ പറഞ്ഞിരുന്നു.

കേരള കത്തോലിക്ക സഭയുടെ അഭിമാനമായി, പുണ്യനക്ഷത്രമായി സിസ്റ്റർ റാണിമരിയ വാഴ്ത്തപ്പെട്ടവളായി. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റർ ദിവ്യമണവാളനോടുള്ള സ്‌നേഹത്താൽ പ്രേരിതയായി, അവനുമായി അനുരൂപപ്പെടുവാൻ തന്റെ അവസാനതുള്ളി രക്തവും ചിന്തി ജീവൻ അർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.