മാനന്തവാടി: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. ക്ഷീരകര്‍ഷകനെ വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് (ജോയി-58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ ലിസമ്മ. സിജോ, സില്‍ജ എന്നിവര്‍ മക്കളാണ്. ശില്പ, ബിജു എന്നിവര്‍ മരുമക്കളുമാണ്. കടബാധ്യത കാരണമാണ് തോമസ് മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കല്ലോടി ക്ഷീര സംഘത്തില്‍ പാലളക്കുന്ന തോമസിന്റെ മുപ്പതു ലിറ്ററോളം കറവയുള്ള പശു മാസങ്ങള്‍ക്ക് മുമ്പ് ചത്തിരുന്നു. മറ്റു രണ്ട് പശുക്കള്‍കൂടി തോമസിനുണ്ട്. പശുക്കളെ വാങ്ങാനും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനുമായി എടുത്ത വായ്പകള്‍ അടച്ചു തീര്‍ക്കാനുണ്ടെന്ന് തോമസിന്റെ സഹോദരന്റെ മകന്‍ ജിനീഷ് വ്യക്തമാക്കി.
കല്ലോടിയിലെ കേരള ഗ്രാമീണ്‍ ബാങ്ക്, മക്കിയാടുള്ള ബാങ്ക് ഓഫ് ബറോഡ ശാഖകളില്‍ നിന്നാണ് വായ്പയെടുത്തത്. പലരില്‍ നിന്നും കൈവായ്പയും സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യവും നിന്നിരുന്നു. തോമസിന് പത്ത് ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഉച്ചയ്ക്കു ശേഷം കല്ലോടി സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
കടക്കെണിയെ തുടര്‍ന്ന് രാജ്യത്ത് 2020, 21 വര്‍ഷങ്ങളിലായി 10,897 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ കേരളത്തില്‍ 91 കര്‍ഷകരും ആത്മഹത്യ ചെയ്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2020ല്‍ 5,579 കര്‍ഷകരും 2021ല്‍ 5,318 കര്‍ഷകരുമാണ് രാജ്യത്ത് ജീവനൊടുക്കിയത്. കേരളത്തില്‍ ഇത് യഥാക്രമം 57, 34 എന്നിങ്ങനെയാണ്. രാജ്യത്തെ പാരിസ്ഥിതിക നിലയുടെ കണക്കുകള്‍ വിവരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 2021ന് ശേഷമുള്ള കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ, വരുമാനത്തകര്‍ച്ച തുടങ്ങിയവയാണ് കര്‍ഷകരുടെ ജീവിത പ്രതിസന്ധിക്കു കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2019ല്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 ല്‍ ഇത് 19 സംസ്ഥാനങ്ങളിലാണ്.
കേരളത്തില്‍ 91 കര്‍ഷകര്‍ക്കു പുറമേ 2020, 21 വര്‍ഷങ്ങളിലായി 611 കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലും കാര്‍ഷികോല്‍പാദനത്തിലും രാജ്യത്ത് കേരളം 26-ാം സ്ഥാനത്തുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.