മണിപ്പൂര്‍ സംഘര്‍ഷം: ഇനിയെങ്കിലും പ്രധാനമന്ത്രി ഇടപെടണം; മോഡിയുമായി സര്‍വകക്ഷി യോഗത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

മണിപ്പൂര്‍ സംഘര്‍ഷം: ഇനിയെങ്കിലും പ്രധാനമന്ത്രി ഇടപെടണം; മോഡിയുമായി സര്‍വകക്ഷി യോഗത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സര്‍വകക്ഷി യോഗം നടത്താനൊരുങ്ങി സംസ്ഥാനത്തെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ അനുസൂയ ഉയികെക്ക് നിവേദനം നല്‍കി.

എംപിസിസി, ജെഡിയു, സിപിഐ, സിപിഐ എം, എഎപി, ആര്‍എസ്പി, എന്‍സിപി, എസ്എസ്(യുബിടി), എഐഎഫ്ബി, എഐടിസി എന്നിവയുള്‍പ്പെടെ പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയ്‌കെയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.

സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനുള്ള ഏക പ്രതീക്ഷ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് തങ്ങള്‍ക്ക് തോന്നുന്നു. ഈ പത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അദേഹത്തെ കാണാന്‍ തീരുമാനിച്ചു. മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒ ഇബോബി സിങ് ഗവര്‍ണറെ കണ്ട ശേഷം പറഞ്ഞു.

തിരക്ക് കാരണം പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെങ്കില്‍ മണിപ്പൂരിലോ ഡല്‍ഹിയിലോ യോഗം സംഘടിപ്പിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ ആറ് മാസത്തിലേറെയായി വര്‍ഗീയ സംഘര്‍ഷം തുടരുകയാണെന്നും അത് വലിയ ജീവഹാനിക്ക് കാരണമായെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്തെ കലാപം 60,000 പേരെ ഭാവന രഹിതരാക്കി. ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ മനുഷ്യത്വ രഹിത സാഹചര്യത്തിലാണ് ജീവിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ദീര്‍ഘകാല സമാധാനം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും അദേഹം പറഞ്ഞു. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമങ്ങളുടെ പിടിയിലാണ് ഇപ്പോള്‍ മണിപ്പൂര്‍.

അതേസമയം വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനത്തെ വംശീയ സംഘര്‍ഷം പത്ത് ജില്ലകളെയാണ് ബാധിച്ചത്. മെയ് നാല് മുതല്‍ രണ്ട് മാസത്തേക്ക് നിരോധിച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ജൂലൈ പകുതി മുതല്‍ ഭാഗികമായി ലഭ്യമാക്കിയിരുന്നു. മെയ് മൂന്നിന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ ഏറ്റുമുട്ടലില്‍ 200 ഓളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.