ടെക് ലോകത്തിനു ഞെട്ടല്‍; സി.ഇ.ഒ. സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എ.ഐ; പിന്നാലെ സഹസ്ഥാപകന്‍ രാജിവച്ചു

ടെക് ലോകത്തിനു ഞെട്ടല്‍; സി.ഇ.ഒ. സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എ.ഐ; പിന്നാലെ സഹസ്ഥാപകന്‍ രാജിവച്ചു

ന്യൂയോര്‍ക്ക്: ചാറ്റ്ജി.പി.ടി. നിര്‍മാണക്കമ്പനിയായ ഓപ്പണ്‍എ.ഐയുടെ സി.ഇ.ഒ സ്ഥാനത്തു നിന്ന് സാം ആള്‍ട്ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. ഓപ്പണ്‍എ.ഐയെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചു.

ആള്‍ട്ട്മാന്റെ പുറത്താക്കല്‍ ടെക് ലോകത്ത് വലിയ ഞെട്ടല്‍ ഉണ്ടാക്കിയതിന് പിന്നാലെയാണ് സഹസ്ഥാപകനും കമ്പനിയില്‍ നിന്നും പടിയിറങ്ങുന്നത്.

2015 ഡിസംബറിലാണ് സാം ആള്‍ട്ട്മാന്‍, ഗ്രെഗ് ബ്രോക്മാന്‍, റീഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ഇല്യ സുറ്റ്‌സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക്‌വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറേംബ എന്നിവര്‍ ചേര്‍ന്ന് ഓപ്പണ്‍എ.ഐയ്ക്ക് തുടക്കമിട്ടത്. 2019 മുതല്‍ കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ മൈക്രോസോഫ്റ്റാണ്.

ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടമായതും സി.ഇ.ഒ സാം ആള്‍ട്ട്മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പണ്‍എ.ഐ ചൂണ്ടിക്കാണിക്കുന്നു. ഓപ്പണ്‍എ.ഐയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മിറ മൂര്‍ത്തിയായിരിക്കും കമ്പനിയുടെ ഇടക്കാല സി.ഇ.ഒ.

ഓപ്പണ്‍എ.ഐക്കൊപ്പമുള്ള സമയം താന്‍ ആസ്വദിച്ചിരുന്നതായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാന്‍ വ്യക്തമാക്കി. 'എന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും പരിവര്‍ത്തനം ചെയ്യാനായി. ഇത്രയും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കും' - ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.

ആള്‍ട്ട്മാന്‍ ഓപ്പണ്‍എ.ഐയുടെ സാരഥ്യം ഏറ്റെടുത്തതിന് ശേഷം കമ്പനി വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഓപ്പണ്‍എ.ഐയുടെ ഉടമസ്ഥതയിലുള്ള ചാറ്റ്ജി.പി.ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സില്‍ ചാറ്റ്ജി.പി.ടിയുടെ വളര്‍ച്ചയില്‍ ആശങ്കയും ഉയര്‍ന്നിരുന്നു. ആള്‍ട്ട്മാന്റെ പടിയിറക്കം ചാറ്റ്ജിപിടിയെ വളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.