ഇലോൺ മസ്കിന്റെ യഹൂദ വിരുദ്ധ പരാമർശം; ആപ്പിളും ഡിസ്‌നിയും ഇനി പരസ്യങ്ങള്‍ നല്‍കില്ല

ഇലോൺ മസ്കിന്റെ യഹൂദ വിരുദ്ധ പരാമർശം; ആപ്പിളും ഡിസ്‌നിയും ഇനി പരസ്യങ്ങള്‍ നല്‍കില്ല

വാഷിം​ഗ്ടൺ: യഹൂദ വിരുദ്ധ പരാമർശത്തിനു പിന്നാലെ ഇലോൺ മസ്കിന് വൻതിരിച്ചടി. എക്സിൽ പരസ്യങ്ങൾ നൽകുന്നത് നിർത്തലാക്കി ടെക്-സിനിമ നിർമാണ ഭീമന്മാർ. ആപ്പിൾ, ഐബിഎം, ഡിസ്നി, വാർണർ ബ്രോസ്, പാരമൗണ്ട് എന്നിവരാണ് എക്‌സിൽ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചത്. ജൂതന്മാർ വെള്ളക്കാരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, 'സത്യമാണ്' എന്ന തലക്കെട്ടോടെ ബുധനാഴ്ച മസ്ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികളുടെ നടപടി.

ഐബിഎം മുതൽ ഡിസ്നി വരെയുള്ള സാങ്കേതിക, മാധ്യമ സ്ഥാപനങ്ങളുടെ ഒരുനിര തന്നെ പരസ്യങ്ങൾ പിൻവലിക്കുന്നു എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാർണർ ബ്രോസ്, പാരമൗണ്ട്, സോണി പിക്‌ചേഴ്‌സ്, കോംകാസ്റ്റ്/എൻബിസി യൂണിവേഴ്‌സൽ എന്നിവരെ പോലെ ലയൺസ്ഗേറ്റ് ഫിലിം സ്റ്റുഡിയോയും എക്‌സിന് നൽകിപ്പോന്നിരുന്ന പരസ്യങ്ങൾ താത്ക്കാലികമായി നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മസ്‌കിന്റെ പോസ്റ്റിനെ വൈറ്റ് ഹൗസ് അപലപിച്ചിരുന്നു. പോസ്റ്റ് വെറുപ്പുളവാക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. മസ്‌കിന്റെ ട്വീറ്റുകൾക്ക് മറുപടിയായി 150-ലധികം റബ്ബിമാരുടെ (ജൂത പുരോഹിതർ) കൂട്ടായ്മ ആപ്പിൾ, ഡിസ്നി, ആമസോൺ, ഒറാക്കിൾ തുടങ്ങിയ കമ്പനികളോട് എക്‌സിൽനിന്ന് പരസ്യം പിൻവലിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എക്‌സിലെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒന്നായ ആപ്പിളിന്റെ പിന്മാറ്റം മസ്കിന് വലിയ തിരിച്ചടിയാണ്. 2022 നവംബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമ്പോൾ പ്രതിവർഷം 100 മില്യൺ ഡോളറിന്റെ പരസ്യമാണ് ആപ്പിൾ നൽകി കൊണ്ടിരുന്നത്. എന്നാൽ ഡിസംബറോടെ പരസ്യങ്ങൾ ഏകദേശം അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചിരുന്നു.

അതിനു പിന്നാലെ എക്സിന്റെ ബിസിനസ് വലിയതോതിൽ ഇടിവും സംഭവിച്ചിരുന്നു. മസ്കിന്റെ ഏറ്റെടുക്കലിനുശേഷം സമൂഹ മാധ്യമത്തിൽ യഹൂദ വിരുദ്ധവും വംശീയവുമായ പോസ്റ്റുകളുടെ വർധനവ് ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായി വ്യാഴാഴ്ചയാണ് ഐ ബിഎം അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.