ടോസ് നിര്‍ണായകം! നാലു മല്‍സരത്തില്‍ മൂന്നിലും വിജയം ചേസിംഗിലൂടെ, 2003 ലോകകപ്പ് പരാജയത്തിന് കണക്കുതീര്‍ക്കാന്‍ ഇന്ത്യ

ടോസ് നിര്‍ണായകം! നാലു മല്‍സരത്തില്‍ മൂന്നിലും വിജയം ചേസിംഗിലൂടെ, 2003 ലോകകപ്പ് പരാജയത്തിന് കണക്കുതീര്‍ക്കാന്‍ ഇന്ത്യ

അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ ഇന്ന് ടോസ് നിര്‍ണായകമാകും. ഈ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഈ മൈതാനത്ത് നടന്ന നാലു മല്‍സരങ്ങളില്‍ മൂന്നിലും ചെയ്‌സ് ചെയ്ത ടീമാണ് വിജയം കൈവരിച്ചത്.

എന്നാല്‍ ടോസ് കിട്ടിയാലും ഇല്ലെങ്കിലും കളി ജയിക്കാനാകുമെന്ന് നായകന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തി. ഏത് കണ്ടീഷനിലും കളിക്കാന്‍ ഇന്നത്തെ ടീം ഇന്ത്യക്ക് സാധിക്കും. ആക്രമിച്ചു കളിക്കുമെന്നും രോഹിത് പറഞ്ഞു.

തികച്ചും സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിരാട് കോലി നയിക്കുന്ന ബാറ്റര്‍മാരുടെ ലിസ്റ്റില്‍ രോഹിത്, ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം മികച്ച സംഭാവന നല്‍കിയിട്ടുണ്ട്.

ALSO READ: മൂന്നാം പട്ടാഭിഷേകത്തിന് ഇന്ത്യ; ആറാം തമ്പുരാനാകാന്‍ ഓസ്‌ട്രേലിയ: ഇന്ന് സൂപ്പര്‍ സണ്‍ഡേ

കെഎല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നീ ബാറ്റര്‍മാര്‍ ഈ ലോകകപ്പില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് ഏകദിനത്തില്‍ കുറിച്ചിട്ടുള്ള ഗില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ഇന്ന്.

ഇവര്‍ക്കു പുറമെ വെടിക്കെട്ട് നടത്താന്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ജഡേജയുമുണ്ട്. ഇരുവര്‍ക്കും കാര്യമായി ബാറ്റിംഗിന് അവസരം ലഭിച്ചിട്ടില്ലെന്നു മാത്രം.

ബൗളിംഗ് നിരയും വളരെ സന്തുലിതമാണ്. ഏഴു മല്‍സരങ്ങള്‍ മാത്രം കളിച്ച മുഹമ്മദ് ഷമി കഴിഞ്ഞ മല്‍സരത്തിലെ ഏഴു വിക്കറ്റ് പ്രകടനത്തോടെ ഈ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി.

ALSO READ: നടക്കുന്നത് ലോക ടെറര്‍കപ്പ് ഫൈനല്‍! അട്ടിമറിക്കുമെന്ന ഭീഷണിയുമായി ഖലിസ്താന്‍ നേതാവ്; സുരക്ഷ ശക്തമാക്കി

മൂന്നു മല്‍സരങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഷമി അപൂര്‍വമായൊരു റെക്കോര്‍ഡും സ്വന്തമാക്കി. നാലു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഷമിയുടെ പേരിലാണ് ലോകകപ്പില്‍ ഏറ്റവുമധികം അഞ്ചുവിക്കറ്റ് നേട്ടമെന്ന റെക്കോര്‍ഡ്.

ഷമിക്കു മികച്ച പിന്തുണയുമായി സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും കുല്‍ദീപ് യാദവ്, ജഡേജ എന്നിവരും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റെടുത്ത് ടീമിന് ബ്രേക്ക് ത്രൂ നല്‍കുന്നത് ടീമിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ലീഗ് ഘട്ടത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ടീം ഇന്ത്യ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെയും തച്ചുതകര്‍ത്താണ് ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്.

അതേ സമയം, ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോല്‍വി രുചിച്ച ഓസ്‌ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ന്ന് ഏഴു മല്‍സരങ്ങളും ലീഗ് ഘട്ടത്തില്‍ ജയിച്ച ഓസ്‌ട്രേലിയ സെമിഫൈനലില്‍ ഒരിക്കല്‍കൂടെ ദക്ഷിണാഫ്രിക്കയെ കണ്ണീരിലാഴ്ത്തിയാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നത്.

ALSO READ: ഞാന്‍ കാത്തിരുന്ന മുഹൂര്‍ത്തം! 2011ല്‍ ടീമിനു പുറത്ത്, 2023 ലോകകപ്പില്‍ നായകന്‍; രോഹിത്തിന് ഇത് സ്വപ്‌നസാഫല്യം

പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ വക്താക്കളായ ഓസ്‌ട്രേലിയയെ ഒരിക്കലും എഴുതിത്തള്ളാനാവില്ല. മാക്‌സ് വെല്ലിനെ പോലെ ഒരു മാച്ച് വിന്നര്‍ എങ്ങനെയാണ് ഒരു കളി ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നതെന്ന് അഫ്ഗാനെതിരായ മല്‍സരത്തില്‍ നാം കണ്ടതാണ്.

ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ മികച്ച ഫോമിലാണ്. ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഫോമിലായാല്‍ ഏതു ബൗളിംഗ് നിരയും വിയര്‍ക്കും.

നായകന്‍ പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കുന്ന പേസ് നിരയും ശക്തമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ്, സ്പിന്നര്‍ ആദം സാംപ എന്നിവര്‍ അണിനിരക്കുന്ന ബൗളിംഗ് നിര എത്ര ശക്തമായ ബാറ്റിംഗ് നിരയെയും പിച്ചിചീന്താന്‍ പോന്നവരാണ്.

അഞ്ചു വട്ടം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത് ആറാം കിരീടമാണ്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് കിരീടനേട്ടം. 2003ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കപ്പില്‍ മുത്തമിട്ടത്. ഇതിന് പ്രതികാരം വീട്ടുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

ഇതു വരെ രണ്ടു തവണയാണ് ഇന്ത്യ ലോകകപ്പ് കിരീടമുയര്‍ത്തിയത്. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ആദ്യകിരീടം നേടിയപ്പോള്‍ 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം കിരീടം. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ ഒരിക്കല്‍ കൂടെ ആദിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മുത്തമിടാനാണ് ടീം ഇന്ത്യ ഇന്ന് മൈതാനത്ത് ഇറങ്ങുന്നത്.

ഏറ്റവും വലിയ മൈതാനമായ അഹമ്മദാബാദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മല്‍സരം. ഈ ലോകകപ്പില്‍ ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു. ഫൈനലില്‍ നല്ലൊരു വിജയത്തോടെ ആ യാത്രയ്ക്കു ശുഭ പര്യവസാനം ആവട്ടെ എന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ആരാധകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.