ഉത്തരാഖണ്ഡ് തുരങ്കം അപകടം: രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍; ഡ്രില്ലിങ് പുനരാരംഭിച്ചു

ഉത്തരാഖണ്ഡ് തുരങ്കം അപകടം: രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍; ഡ്രില്ലിങ് പുനരാരംഭിച്ചു

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

നിര്‍ത്തി വെച്ചിരുന്ന ഡ്രില്ലിങ് വീണ്ടും തുടങ്ങി. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും നടന്നുവരുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും അറിയിച്ചു.

തൊഴിലാളികള്‍ക്ക് ചെറിയ പാതയുണ്ടാക്കാനുള്ള ശ്രമം പാതിവഴിയില്‍ മുടങ്ങി. ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം രക്ഷാ ദൗത്യം പ്രതിസന്ധിയിലായത്. ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ഡ്രില്ലിങ് നിര്‍ത്തുകയായിരുന്നു.

പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. അതേ സമയം തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സര്‍ക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നു.

തൊഴിലാളികള്‍ക്ക് ട്യൂബുകള്‍ വഴി ഓക്‌സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളില്‍ ഒരാളായ ഗബ്ബര്‍ സിങ് നേഗി മകനുമായി സംസാരിച്ചിരുന്നു.

തുരങ്കത്തിനു സമീപം ആറ് കിടക്കകളുള്ള താല്‍കാലിക ആശുപത്രിയും പത്ത് ആംബുലന്‍സുകളും സജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആര്‍സിഎസ് പന്‍വാര്‍ പറഞ്ഞു.

ബ്രഹ്മഖല്‍-യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.