ആറാം തമ്പുരാനായി ഓസ്‌ട്രേലിയ; തലയുയര്‍ത്തി ഹെഡ്

ആറാം തമ്പുരാനായി ഓസ്‌ട്രേലിയ; തലയുയര്‍ത്തി ഹെഡ്

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.

മൂന്നു വിക്കറ്റിന് 47 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഓസ്‌ട്രേലിയയെ ട്രാവിസ് ഹെഡും ലംബുര്‍ഷെയ്‌നും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും 198 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ട്രാവിസ് ഹെഡ് 120 പന്തില്‍ നിന്ന് 137 റണ്‍സ് നേടി. ലംബുഷെയ്ന്‍ 110 പന്തില്‍ നിന്ന് 58 റണ്‍സുമായും മാക്‌സ് വെല്‍ ഒരു പന്തില്‍ നിന്ന് രണ്ടു റണ്‍സുമായും പുറത്താകാതെ നിന്നു.

സെമിഫൈനലിലെ ഹീറോ മുഹമ്മദ് ഷമി വാര്‍ണറെ മടക്കി ആദ്യ ബ്രേക്ക് ത്രൂ നല്‍കി. ഷമിയുടെ പന്തില്‍ എഡ്ജ് ചെയ്ത വാര്‍ണറെ സ്ലിപ്പില്‍ വിരാട് കോലി പിടിക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് മാത്രം. മൂന്നാമനായെത്തിയ മിച്ചല്‍ മാര്‍ഷ് ആക്രമിച്ചു തുടങ്ങിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല.

അഞ്ചാം ഓവറില്‍ മാര്‍ഷിനെ കെഎല്‍ രാഹുലിന്റെ കൈകയിലെത്തിച്ച് ബുംറയുടെ പ്രഹരം. അടുത്ത ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി സ്റ്റീവ് സ്മിത്തും പുറത്ത്. സ്‌കോര്‍ 47ന് മൂന്ന്. തുടര്‍ന്നായിരുന്നു ലംബുഷെയ്ന്റിന്റെയും ട്രാവിസ് ഹെഡിന്റെയും കൂട്ടുകെട്ട്.

ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും സിറാജ്, ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് 240 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

അഞ്ചാം ഓവറില്‍ ഗില്ലിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആക്രമണ ബാറ്റിംഗിലൂടെ നായകന്‍ രോഹിത് ശര്‍മ മുന്നോട്ടു നയിച്ചു. 31 പന്തില്‍ നിന്ന് 47 റണ്‍സ് നേടി രോഹിത് ശര്‍മ മടങ്ങുമ്പോള്‍ സ്‌കോര്‍ 9.4 ഓവറില്‍ രണ്ട് വിക്കറ്റിന് 76 റണ്‍സ്.

തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ വേഗം മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 81 റണ്‍സ്. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി. ആക്രമണ ബാറ്റിംഗിലൂടെ തുടങ്ങിയ കോലിയും ഇതോടെ പ്രതിരോധത്തിലൂന്നി ബാറ്റു വീശാന്‍ ആരംഭിച്ചു.

കൂട്ടായെത്തിയ കെഎല്‍ രാഹുലും ശ്രദ്ധാപൂര്‍വം കളിച്ചതോടെ റണ്‍നിരക്ക് കുറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി വിരാട് കോലിയും (54 റണ്‍സ്), കെഎല്‍ രാഹുലും (66 റണ്‍സ്) അര്‍ധസെഞ്ചുറി നേടി നിര്‍ണായക സംഭാവന നല്‍കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു.

ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് മൂന്നും, പാറ്റ് കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മാക്‌സ് വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.