കൊച്ചി: മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ മനുഷ്യ കുരുതിയാണ് ചരിത്രത്തില്‍ കറുത്ത അധ്യായമായി മാറിയ 1921 നവംബര്‍ 20 ന് നടന്ന വാഗണ്‍ ദുരന്തം. തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയ 64 തടവുകാരാണ് ശ്വാസം മുട്ടി മരണപ്പെട്ടത്. സത്യത്തില്‍ ചരിത്രത്താളുകളിലാണ് ഈ കറുത്ത ദിനം സ്മരിക്കപ്പെടുന്നത്.
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പുലാമന്തോള്‍ പാലത്തിന്റെ പേരും സ്മരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം വാഗണ്‍ ദുരന്തത്തിന്റെ പേരിനൊപ്പം ചേര്‍ത്ത് വയ്ക്കുന്നതാണ് പുലാമന്തോള്‍ പാലം. ഈ പാലും പൊളിച്ചു എന്നായിരുന്നു വാഗണ്‍ ദുരന്തത്തില്‍ ശ്വാസം കിട്ടാതെ ജീവന്‍ വെടിഞ്ഞവരുടെ നേരെ ചുമത്തിയ കുറ്റം.
വാഗണ്‍ ട്രാജഡി ദുരന്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും പുലാമന്തള്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടവരാണ് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.
ഈ മനുഷ്യ കുരുതിക്ക് ആധാരമായ സംഭവം മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. 1921 ലെ മലബാര്‍ കലാപം ഒരിക്കലും ഹിന്ദു മുസ്ലീം സംഘര്‍ഷമായിരുന്നില്ല. ചരിത്രകാരന്മാര്‍ പറഞ്ഞുവയ്ക്കുന്നത് അധികാര ജന്‍മി വിഭാഗത്തിനെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും ഒരു വിഭാഗം നടത്തിയ ധീരസമര പോരാട്ടമായിരുന്നുവെന്നാണ്.
എന്നാല്‍ മലബാര്‍ കലാപം രൂക്ഷമായതോടെ എന്ത് വില കൊടുത്തും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യവുമായി 1921 ഒക്ടോബര്‍ 28 ന് ബ്രിട്ടീഷ്-ഗൂര്‍ഖാ സൈന്യങ്ങള്‍ മലബാറിലെത്തുകയും പൂക്കോട്ടൂരില്‍ മാപ്പിള കലാപകാരികളും സൈന്യവും നേരിട്ട് ഏറ്റുമുട്ടലും നടന്നതായാണ് ചരിത്രം.
നവംബര്‍ 10 മുതല്‍ ബ്രിട്ടീഷ് സൈന്യം മലബാര്‍ കലാപത്തിന്റെ പേരില്‍ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. കള്ളക്കേസുകളില്‍ കുടുക്കിയവരുടെ എണ്ണത്താല്‍ മലബാറിലെ ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞു.
മലപ്പുറത്തെ തിരൂരിലാണ് വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാള്‍ സ്ഥാപിച്ചിരിക്കുന്നത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആധുനിക കവിത്രയത്തിലെ കവിയായ കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കറുത്ത ഏട് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നുതന്നെയാണ് വാഗണ്‍ ട്രാജഡി. ഈ ദുരന്തം സംഭവിച്ചിട്ട് 102 വര്‍ഷങ്ങള്‍ കഴിയുമ്പോഴും മായാത്ത കണ്ണീരോര്‍മ്മയായി ഇന്നും ഇത് സ്മരിക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.