പുകമഞ്ഞില്‍ ശ്വാസംമുട്ടി ഡല്‍ഹി: വായു മലിനീകരണ തോത് വീണ്ടും ഉയര്‍ന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

 പുകമഞ്ഞില്‍ ശ്വാസംമുട്ടി ഡല്‍ഹി: വായു മലിനീകരണ തോത് വീണ്ടും ഉയര്‍ന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും മോശമായ നിലയില്‍. വരും ദിവസങ്ങളിലും വായുവിന്റെ ഗുണ നിലവാരത്തില്‍ കാര്യമായ പുരോഗതി സംഭവിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക രണ്ട് ദിവസത്തെ ഇടിവിന് ശേഷം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.

ഇന്നലെ രേഖപ്പെടുത്തിയ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) പ്രകാരം ഗുണനിലവാര സൂചിക 348 ആയി ഉയര്‍ന്നു. ഞായറാഴ്ച ഈ സൂചിക 301 ആയിരുന്നു. ശനിയാഴ്ച 319 ഉം ആയിരുന്നു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ എക്യുഐ ഗുരുതരമായ നിലയിലായിരുന്നു. 419, 405 എന്നിങ്ങനെയായിരുന്നു എക്യുഐ. ദീപാവലി ആഘോഷങ്ങളുമായി ഭാഗമായി പടക്കം പൊട്ടിച്ചതാണ് ഇതിന് ഇടയാക്കിയത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിന് പിന്നാലെ ലീനിയര്‍ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിനും മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ അനുകൂലമായ കാറ്റിന്റെ വേഗതയും ദിശയും കാരണം മലിനീകരണ തോത് കുറഞ്ഞതോടെ നിരോധങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും വായു ഗുണനിലവാരം മോശമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകള്‍ ഒഴികെ എല്ലാ ഇടത്തരം, ഹെവി ഗുഡ്സ് വാഹനങ്ങളും നാലാം ഘട്ട ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ തലസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്. അതേസമയം ബിഎസ് III പെട്രോള്‍, ബിഎസ് IV ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അനിവാര്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഖനനം, ഡീസല്‍ ജനറേറ്ററുകള്‍ എന്നിവയുടെ നിരോധനവും തുടരും.

പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി വികസിപ്പിച്ച എയര്‍ ക്വാളിറ്റി എര്‍ലി വാണിങ് സിസ്റ്റം അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാന്‍ സാധ്യതയില്ല. ഡല്‍ഹി സര്‍ക്കാരും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി) നടത്തിയ സംയുക്ത പരിശോധനയില്‍ തലസ്ഥാനത്ത് ശനിയാഴ്ച രേഖപ്പെടുത്തിയ വായുമലിനീകരണത്തിന്റെ 36 ശതമാനവും ഞായറാഴ്ചത്തെ 38 ശതമാനത്തിനും കാരണം വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം ആണെന്നാണ് വിലയിരുത്തല്‍.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മലിനീകരണ നിയന്ത്രണ നടപടികള്‍ പാലിക്കണമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. സ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗാസിയാബാദ് (321), ഗുരുഗ്രാം (261), ഗ്രേറ്റര്‍ നോയിഡ (318), നോയിഡ (331), ഫരീദാബാദ് (329) എന്നിവിടങ്ങളില്‍ വായുവിന്റെ ഗുണനിലവാരത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എക്യുഐനില അനുസരിച്ചുള്ള വായുവിന്റെ ഗുണനിലവാരം:

0-50 - നല്ലത്
51-100 - തൃപ്തികരം
101-200 - മിതമായ
201-300 - മോശം
301-400 - വളരെ മോശം
401-450 - ഗുരുതരം
450ന് മുകളില്‍ - അതീവ ഗുരുതരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.