'ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കരുത്': നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്നും കേന്ദ്രത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

'ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കരുത്': നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്നും കേന്ദ്രത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒന്നര മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പരമോന്നത നീതി പീഠത്തിന്റെ രൂക്ഷ വിമര്‍ശനം. പ്രതിഷേധങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ''ആവശ്യത്തിനു സമയം നിങ്ങള്‍ക്കു നല്‍കി. ഇനിയും ക്ഷമയെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുക്കരുത്'' ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രതികരിച്ചു.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കുകയാണെന്ന് കോടതി പറഞ്ഞു. സമിതി ചര്‍ച്ച നടത്തുന്നതുവരെ നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു ചെയ്യണോ? -കോടതി ആരാഞ്ഞു. ''സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്? പല സംസ്ഥാനങ്ങളും നിയമത്തിന് എതിരാണ്. നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല''- കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

കര്‍ഷക സമരത്തിനെതിരായ ഹര്‍ജിയും ബെഞ്ച് പരിഗണിച്ചു. നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാരും നിയമഭേദഗതി പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ച് നിന്നാല്‍ എങ്ങനെ പരിഹാരം ഉണ്ടാകും. സമരം നിര്‍ത്താന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു. നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിന്. കര്‍ഷകരാണെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടിലും. പിന്നെ എന്തു കൂടിയാലോചനയാണെന്ന് കോടതി ചോദിച്ചു. രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഏറ്റവും കുറഞ്ഞ വാക്കുകളാണെന്ന്് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തിലെ ഒരു വ്യവസ്ഥയും ഭരണഘടനാ വിരുദ്ധമല്ലെന്നും മൗലിക അവകാശങ്ങളുടെ ലംഘനമില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നിയമം കോടതിക്കു സ്റ്റേ ചെയ്യാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.

പ്രശ്നത്തിനു പരിഹാരം കാണാനാണ് കോടതി ശ്രമിക്കുന്നത് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. സമരം ചെയ്യുന്ന നാല്‍പ്പത്തി ഒന്ന് കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് അറിയിച്ചു. നിയമസംഘനം ഉണ്ടാകില്ല, രാംലീലാ മൈതാനിയില്‍ സമരം ഇരിക്കാമെന്നും വിദഗ്ധ സമിതിയോട് സഹകരിക്കാമെന്നുമുള്ള നിലപാടുകളാണ് കര്‍ഷകര്‍ കോടതിയിലെടുത്തത്. നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഉറച്ച് നിന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന നിര്‍ദേശം അംഗീകരിക്കേണ്ട അവസ്ഥയിലായി കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍, വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടു. സുപ്രീം കോടതി മുന്‍ ചിഫ് ജസ്റ്റിസ് ആര്‍.എം ലോധയെ സമിതി അധ്യക്ഷനാക്കണമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷക സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം. മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കോടതിയുടെ നിലപാടുകള്‍. ഇക്കാര്യങ്ങള്‍ സമരക്കാരെ അറിയിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സമരം ചെയ്യുന്ന കര്‍ഷകരെ ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷം അവരുടെ മറുപടി അറിയിക്കാമെന്നാണ് അഭിഭാഷകര്‍ വ്യക്തമാക്കി. എന്തായാലും ഹര്‍ജികളില്‍ ഉടന്‍ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. വിവാദ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി അതിര്‍ത്തികളില്‍ സമരരംഗത്തുള്ള കര്‍ഷകരെ നീക്കണമെന്ന ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തിയിട്ടുള്ള മറ്റൊന്ന്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ എട്ടാം വട്ട ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.