ട്വിസ്‌റ്റോട് ട്വിസ്റ്റ്; ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; ഓപ്പണ്‍ എ.ഐ സി.ഇ.ഒ സ്ഥാനത്ത് വീണ്ടും സാം ആള്‍ട്ട്മാന്‍

ട്വിസ്‌റ്റോട് ട്വിസ്റ്റ്; ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; ഓപ്പണ്‍ എ.ഐ സി.ഇ.ഒ സ്ഥാനത്ത് വീണ്ടും സാം ആള്‍ട്ട്മാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായത്തെ ഞെട്ടിച്ച വാര്‍ത്തയില്‍ വമ്പന്‍ ട്വിസ്റ്റ്. ചാറ്റ്ജിപിടി-നിര്‍മ്മാതാക്കളായ ഓപ്പണ്‍എ.ഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ തിരിച്ചെത്തിയതായി കമ്പനി. സാം ആള്‍ട്ട്മാനെ പുറത്താക്കിയതിനെ തുടര്‍ന്ന് കമ്പനിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും ജീവനക്കാരുടെ രാജി സമ്മര്‍ദത്തിനും ശേഷമാണ് പുതിയ തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് സാം ആള്‍ട്ട്മാനെ പുറത്താക്കുന്നതായി ഓപ്പണ്‍ എഐ അറിയിച്ചത്.

സാം ആള്‍ട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡിന്റെ രാജിയും ആള്‍ട്ട്മാന്റെ തിരിച്ചുവരവും ആവശ്യപ്പെട്ട് 770 ജീവനക്കാരാണ് രാജി ഭീഷണി മുഴക്കിയിരുന്നത്. സാം ആള്‍ട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മറ്റൊരു സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്മാനും ഓപ്പണ്‍ എ.ഐയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു. നാലംഗ പുതിയ ബോര്‍ഡ് നിയന്ത്രണം ഏറ്റെടുത്തു.

ഓപ്പണ്‍എ.ഐയിലേക്ക് തിരിച്ചെത്തുന്നുവെന്ന വിവരം പങ്കുവെച്ച് സാം ആള്‍ട്ട്മാനും ഗ്രെഗ് ബ്രോക്മാനും സോഷ്യല്‍ മീഡിയയില്‍ സന്ദേശം പങ്കിട്ടിട്ടുണ്ട്. പുറത്താക്കിയതിനു പിന്നാലെ ഓപ്പണ്‍ എ.ഐ വിട്ട് അദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ പുറത്താക്കല്‍ നടപടി സംഭവിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് സാം ആള്‍ട്ട്മാന്‍ അതേ സ്ഥാനത്ത് തിരിച്ചെത്തിയത്.

ചാറ്റ്ജിപിടി, ഡാല്‍ഇ തുടങ്ങിയ എഐ സാങ്കേതികവിദ്യകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനിയായ ഓപണ്‍എ.ഐ, അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സി.ഇ.ഒ സ്ഥാനത്തുനിന്ന് ആള്‍ട്ട്മാനെ പുറത്താക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.