ദുബായ്: ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ സി.ഒ.പി 28 ന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബായ് എക്‌സ്‌പോ സിറ്റിയിലാണ് ഉച്ചകോടി നടക്കുന്നത്. ആഗോള നേതാക്കള്‍, കാലാവസ്ഥാ വക്താക്കള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജാവും പങ്കെടുക്കുന്നതിനാല്‍ ലോക രാഷ്ട്രങ്ങളും നേതാക്കളും ഏറെ ആകാംഷയോടെയാണ് ഉച്ചകോടിയെ നോക്കി കാണുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.
മാര്‍പാപ്പ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച രാത്രി 8:25 ന് ദുബായ് വിമാനത്താവളത്തില്‍ എത്തിച്ചേരും. രണ്ടിന് രാവിലെ 10 ന് ദുബായിലെ എക്സ്പോ സിറ്റിയില്‍ കോപ്പ് 28 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിക്കും. ശേഷം വിവിധ യോഗങ്ങളിലും മാര്‍പാപ്പ പങ്കെടുക്കും.
മാരകമായ ഉഷ്ണതരംഗങ്ങള്‍, ശക്തമായ കൊടുങ്കാറ്റുകള്‍, വിനാശകരമായ സമുദ്രനിരപ്പ് ഉയര്‍ച്ച എന്നിവ ചര്‍ച്ചാ വിഷയമാകും. കാലാവസ്ഥാ പ്രതിസന്ധിയുടെ വ്യാപകമായ ആഘാതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമേറുന്നു.
എന്നാല്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും താപനില റെക്കോര്‍ഡ് തലത്തിലേക്ക് തള്ളുകയും ചെയ്യുന്നതായാണ് കണ്ടെത്തലുകള്‍.
എന്നിരുന്നാലും ഏതാണ്ട് 27 വര്‍ഷത്തെ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ നടന്നിട്ടും ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കേണ്ടതിന്റെ അടിയന്തിര ആവശ്യം അംഗീകരിക്കാന്‍ ലോക നേതാക്കള്‍ ഇപ്പോഴും വിസമ്മതിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.