ഗാസയില്‍ വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍; സമയത്തില്‍ അവസാന നിമിഷം അവ്യക്തത: ബന്ദികളുടെ മോചനം ഇന്ന് നടക്കില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ ഇന്ന് മുതല്‍; സമയത്തില്‍ അവസാന നിമിഷം അവ്യക്തത: ബന്ദികളുടെ മോചനം ഇന്ന് നടക്കില്ല

ടെല്‍ അവീവ്: ഗാസയില്‍ നാലു ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് പ്രാബല്യത്തില്‍ വരും. രാവിലെ പത്ത് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്നലെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സമയത്തിന്റെ കാര്യത്തില്‍ പൂര്‍ണ വ്യക്തത കൈവന്നിട്ടില്ല.

മാത്രമല്ല വെടിനിര്‍ത്തല്‍ ഉടമ്പടിയിലെ മുഖ്യ വ്യവസ്ഥയായ ബന്ദികളുടെ കൈമാറ്റം ഇന്ന് നടക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. നാളെ മുതല്‍ മാത്രമേ ബന്ദികളുടെ കൈമാറ്റം സാധ്യമാകൂവെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ചെയര്‍മാന്‍ സാച്ചി ഹനെഗ്ബി ഇന്നലെ രാത്രി വൈകി അറിയിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍, ഹാരെറ്റ്‌സ് എന്നീ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ പ്രകാരം നാല് ദിവസത്തേക്ക് പോരാട്ടം നിര്‍ത്തി വയ്ക്കുമെന്നും കരാര്‍ അന്തിമമാകാത്തിടത്തോളം കാലം ഗാസയിലെ ഇസ്രയേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ വെടിനിര്‍ത്തല്‍ ആരംഭിക്കുന്ന സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തത ഖത്തര്‍ ഇടപെട്ട് പരിഹരിക്കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. വെടിനിര്‍ത്തല്‍ എപ്പോള്‍ ആരംഭിക്കും എന്നറിയില്ലെന്ന് ഇന്നലെ രാത്രി ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ വേളയില്‍ ഗാസയിലെ സൈനികര്‍ക്ക് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

150 പാലസ്തീന്‍ തടവുകാര്‍ക്ക് പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാറിലെ മുഖ്യവ്യവസ്ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികയ്ക്ക് ഇസ്രയേലും ബന്ദികളുടെ പട്ടികയ്ക്ക് ഹമാസും രൂപം നല്‍കി.

കൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് സമഗ്ര വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യര്‍ഥന തല്‍ക്കാലം അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു ലോകത്തിന്റെ ഏതു ഭാഗത്തായാലും ഹമാസ് നേതാക്കളെ വകവരുത്തുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.