സീറോ മലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭാ ഹയരാര്‍ക്കിയുടെ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: റവ.ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച 'Syro-Malabar Hierarchy: Historical Developments (1923-2023)' എന്ന ഗ്രന്ഥം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ സ്ഥാപനം മുതല്‍ ഇന്നു വരെയുള്ള നൂറു വര്‍ഷത്തെ പ്രധാന സംഭവങ്ങളും നേട്ടങ്ങളും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ആധികാരിക രേഖകളെ ആസ്പദമാക്കിയുള്ള ഒരു ചരിത്ര പഠന ഗ്രന്ഥമാണിത്. ഫാദര്‍ ജെയിംസ് പുലിയുറുമ്പിലിന്റെ 25-ാമത്തെ പുസ്തകമാണിത്.

സഭാ ചരിത്രത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള അദേഹത്തിന്റെ പുസ്തകങ്ങള്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സഹായിയാണെന്ന് പുസ്തക പ്രകാശന വേളയില്‍ കര്‍ദിനാള്‍ പറഞ്ഞു.

ചരിത്രം തമസ്‌കരിക്കപ്പെടുകയും അപനിര്‍മിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വസ്തുതകളും സത്യവും തിരിച്ചറിയാന്‍ ഈ പുസ്തകം സഹായകരമാകുമെന്നും ചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലൂടെ ഫാ. ജെയിംസ് സഭയുടെ വളര്‍ച്ചയില്‍ അതുല്യമായ സഭാവനയാണ് നല്‍കുന്നതെന്നും മേജര്‍ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ചടങ്ങില്‍ ചിങ്ങവനം ക്‌നാനായ സുറിയാനി സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപോലിത്ത, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.