സൗദിയിലെ നിയോമില്‍ സ്വപ്‌ന നഗരം വരുന്നു.... 3,380,000 തൊഴിലവസരങ്ങള്‍; അത്യാധുനിക സൗകര്യങ്ങള്‍

സൗദിയിലെ നിയോമില്‍ സ്വപ്‌ന നഗരം വരുന്നു.... 3,380,000 തൊഴിലവസരങ്ങള്‍;  അത്യാധുനിക സൗകര്യങ്ങള്‍

ജിദ്ദ: കാര്‍ബണ്‍ രഹിതവും പരിസ്ഥിതി സൗഹൃദവുമായ നഗരം നിയോമില്‍ ഉയരുമെന്ന് സൗദി കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. 'ദി ലൈന്‍' എന്ന പേരിലുള്ള ഈ നഗരം ഭാവിയില്‍ നഗര സമൂഹങ്ങള്‍ എങ്ങനെയായിരിക്കാമെന്നതിന്റെ മികച്ച മാതൃകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തുലക്ഷം പേര്‍ക്ക് വസിക്കാന്‍ കഴിയുന്ന ഈ നഗരത്തിന് 170 കിലോമീറ്റര്‍ നീളമുണ്ടാകും. നിയോമിലെ 95 ശതമാനം പ്രകൃതിയെയും സംരക്ഷിക്കുന്ന ഈ നഗര പദ്ധതി പ്രകൃതിയോടൊപ്പം ജീവിക്കാന്‍ കഴിയുന്നതും സന്തുലിതാവസ്ഥ ഉറപ്പുനല്‍കുന്നതുമായിരിക്കും. വാഹനങ്ങളില്‍ നിന്നും അതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തില്‍ നിന്നും ജന തിരക്കുകളില്‍ നിന്നും മുക്തമായിരിക്കും.

രാജ്യത്തിന്റെ സമഗ്ര സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പരിവര്‍ത്തന വികസന കാഴ്ചപ്പാടായ 'വിഷന്‍ 2030'ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതായിരിക്കും ഈ നഗര പദ്ധതി.വ്യത്യസ്ത മേഖലകളിലായി 3,380,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും ഈ പദ്ധതിക്കാവും. ആഭ്യന്തര ഉല്‍പാദന രംഗത്ത് 180 ശതകോടി റിയാലിന്റെ സംഭാവനകളുണ്ടാകുമെന്നും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇടുങ്ങിയ ഇടങ്ങളില്‍ ആളുകളെ സംരക്ഷിക്കുന്നതിനാണ് നഗരങ്ങള്‍ നിര്‍മിച്ചത്. വ്യാവസായിക വിപ്ലവത്തിന് ശേഷം നഗരങ്ങളില്‍ കാറുകളും ഫാക്ടറികളും മനുഷ്യരാശിക്ക് മുമ്പില്‍ സ്ഥാപിതമായി. വികസനത്തിനായി പ്രകൃതിയെ ത്യജിക്കുകയാണ്. മലിനീകരണം മൂലം പ്രതിവര്‍ഷം ഏഴ് ദശലക്ഷം ആളുകള്‍ മരിക്കുന്നു. വാഹനാപകട മരണത്തില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷം ആളുകള്‍ നമുക്ക് നഷ്ടപ്പെടുകയാണ് ദി ലൈന്‍ നഗരം നഗര വികസനത്തെ പുനര്‍നിര്‍വചിക്കും. ജീവിത നിലവാരം ഉയര്‍ത്തും. അഞ്ച് മിനിറ്റ് നടത്തത്തിനിടയില്‍ മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ സ്ഥാപനങ്ങള്‍, ഹരിത ഇടങ്ങള്‍ എന്നിവിടങ്ങളിലെത്താന്‍ കഴിയും.

യാത്രക്ക് ഏറ്റവും അതിവേഗ മാര്‍ഗങ്ങളുണ്ടാകും. ഏറ്റവും വിദൂര യാത്ര 20 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. നഗരത്തിലെ ആളുകളുടെ അഭൂതപൂര്‍വമായ കഴിവുകള്‍ മുന്‍കൂട്ടി അറിയാനും അവരുമായി ഇടപഴകാനും പ്രാപ്തരാക്കുന്ന ആശയവിനിമയ സംവിധാനങ്ങളുണ്ടാകും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയെ ഉപയോഗപ്പെടുത്തും. ആളുകള്‍ വെര്‍ച്വല്‍ സംവിധാനത്തിലുടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിധം എല്ലാം ആധുനികോത്തരമാകും. പുതുമ തേടുന്നവര്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ആകര്‍ഷകമായ അന്തരീക്ഷം ഒരുക്കും.

2021 ആദ്യ പാദത്തില്‍ ദി ലൈന്‍ പദ്ധതി ആരംഭിക്കും. നിയോമില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയ വികസനത്തിന്റെ സുപ്രധാന ഭാഗമാണിതെന്നും കിരീടാവകാശി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.