വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ 9-ാമത് വാർഷികദിനാമാഘോഷിച്ചു

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ 9-ാമത് വാർഷികദിനാമാഘോഷിച്ചു

മാന്നാനം: ഭാരത ക്രൈസ്തവ സഭയുടെ അഭിമാന സൂനങ്ങളായി ആത്മീയതയുടെയും അറിവിന്റെയും അനശ്വര വെളിച്ചം പകർന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെയും പ്രാർത്ഥനാ ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ 9-ാമത് വാർഷിക ദിനാഘോഷങ്ങൾ 2023 നവംബർ 23 വ്യാഴാഴ്ച തീർത്ഥാടനകേന്ദ്രമായ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമദൈവാലയത്തിൽ വിവിധ തിരുക്കർമ്മങ്ങളോടെ ആഘോഷിച്ചു.


ഭാരത സഭയുടെ ചരിത്രത്തിലെ അഭിമാനാർഹമായ പുണ്യദിനത്തിന്റെ ഓർമ്മ ആചരിച്ച് വ്യാഴാഴ്ച്ച വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തിലേക്ക്, സി.എം.ഐ. തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ചാവറ തീർത്ഥാടനം രാവിലെ 10.30 ന് എത്തിച്ചേർന്നു. 

നിശ്ചല ദൃശ്യങ്ങളും ഫ്ളോട്ടുകളും തീർത്ഥാടന റാലിയെ മനോഹരമാക്കി. മാന്നാനം കെ.ഇ. സ്കൂളിൽ നിന്നുമാരംഭിച്ച തീർത്ഥാടനയാത്ര തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.


തുടർന്ന് 11 മണിക്ക് സി.എം.ഐ. സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു.

സി.എം.ഐ. സഭ ജനറൽ കൗൺസിലേഴ്സ് സഹകാർമ്മികരായിരുന്നു. സി.എം.ഐ. തിരുവനന്തപുരം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം വചനസന്ദേശം നൽകി. 

ആഘോഷ പരിപാടികൾക്ക് മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി, മാന്നാനം കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, തീർത്ഥാടനകേന്ദ്രം അസി. ഡയറക്ടർ ഫാ. റെന്നി കളത്തിൽ എന്നിവർ നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26