ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചു; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെ വെടിവച്ചു കൊന്നു

ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചു; പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെ വെടിവച്ചു കൊന്നു

ഇസ്ലമാബാദ്: ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ആശയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ക്രൈസ്തവ യുവാവിനെ പാകിസ്ഥാനില്‍ വെടിവച്ചു കൊന്നു.

ഇരുപതുകാരനും വിദ്യാര്‍ഥിയുമായ ഫര്‍ഹാന്‍-ഉല്‍-ഖമറാണ് ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് സുബൈര്‍ എന്ന അക്രമിയുടെ വെടിയേറ്റ് മരിച്ചത്. പഞ്ചാബ് പ്രവിശ്യയില്‍ സിയാല്‍കോട്ട് ജില്ലയിലെ പസ്രൂരിലാണ് സംഭവം.

കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചും ഫര്‍ഹാന്റെ കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പൊലീസ് വിസമ്മതിച്ചു.

നവംബര്‍ പത്തിന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ അതിക്രമിച്ചു കടന്നാണ് മുഹമ്മദ് സുബൈര്‍ കൊലപാതകം നടത്തിയതെന്ന് ഫര്‍ഹാന്റെ പിതാവ് നൂര്‍ ഉള്‍ ഹഖ് പറഞ്ഞു.

ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരായ തീവ്രവാദ മുദ്രാവാക്യങ്ങളും വര്‍ഗീയ ഭീഷണികളും കൊണ്ട് 45 മിനിറ്റിലധികം മുഹമ്മദ് സുബൈര്‍ ഫര്‍ഹാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ചെയ്തു.

'എന്റെ കണ്‍മുന്നില്‍ വച്ച് എന്റെ സഹോദരന്‍ കൊല്ലപ്പെട്ടു. ഞങ്ങള്‍ എല്ലാ ദിവസവും വേദനയോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ നീതി ആവശ്യപ്പെടുന്നു'- ഫര്‍ഹാന്റെ സഹോദരി ഷൗവ ഉള്‍ ഖമര്‍ പറഞ്ഞു.

ഒക്ടോബറില്‍ ഇതേ ഗ്രാമത്തില്‍ സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. അക്വിബ് ജാവേദ് എന്ന ക്രൈസ്തവ വിശ്വാസി ആക്രമണത്തിന് ഇരയാകുകയും അദേഹത്തിന്റെ പിതാവ് ജാവേദ് മസിഹിനെ ഒരു കാരണവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്നും ആക്രമണം നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.