ഫാ. ജയിംസ് കൊക്കാവയലിൽ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ മുമ്പിൽ ക്രൈസ്തവ സമൂഹം ഉയർത്തിയ ആവശ്യമായിരുന്നു ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നത്. ഇപ്രകാരമൊരു ആവശ്യം ഉന്നയിക്കാനുള്ള പ്രധാന കാരണം, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ ഒരു മുൻ പ്രവർത്തകൻ ന്യൂനപക്ഷ മന്ത്രിയായിരിക്കെ ക്രൈസ്തവരോടു ചെയ്ത അനീതിയും വിവേചനങ്ങളുമായിരുന്നു.
ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു നിയമ ഭേദഗതിയുമൊക്കെ ഈ പശ്ചാത്തലത്തിൽ ചർച്ചയാകുകയും ചെയ്തു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആവശ്യം ന്യായമെന്നു തോന്നിയതുകൊണ്ടുതന്നെ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചു. ക്രൈസ്തവരുടെ ആവശ്യം ന്യായമായിരുന്നു എന്നതിന് സിപിഎമ്മിന്റെ മുൻ പാർട്ടി സെക്രട്ടറിയും അന്നത്തെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന തന്നെയാണ് തെളിവ്.
“കേരളത്തിലെ ന്യൂനപക്ഷമെന്നു പറയുന്നത് ഒരു മത വിഭാഗം മാത്രമല്ല. ഈ മുസ്ലിം- ക്രിസ്ത്യൻ വിഭാഗങ്ങളെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്കെല്ലാം അർഹമായത് കൊടുക്കേണ്ടതാണ്. കേരളത്തിന്റെ സംസ്കാരവുമതാണ്. രൂപീകരിച്ച കാലം മുതൽ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. അതിന് ഒരു മാറ്റം വേണമെന്ന് ഞങ്ങൾ ചർച്ചചെയ്തു തീരുമാനിച്ചതാണ്. അത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ഗുണകരമായിരിക്കും” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം, 2023ന്റെ തുടക്കത്തിൽ തന്നെ സംസ്ഥാന സർക്കാർ ഈ മതേതര നിലപാടിന് മാറ്റം വരുത്തുകയും ന്യൂനപക്ഷക്ഷേമ വകുപ്പ് മറ്റൊരു മന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹം വകുപ്പ് ഏറ്റെടുത്തശേഷം ഉണ്ടായ ചില സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ പരാജയം
ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ന്യൂനപക്ഷങ്ങൾക്ക് കുറഞ്ഞ പലിശയ്ക്കു വായ്പകൾ നൽകുന്ന സംവിധാനമാണ്. മൂന്നു ശതമാനം തുടങ്ങി പലിശയ്ക്ക് വിദ്യാഭ്യാസ വായ്പകൾ, തൊഴിൽ വായ്പകൾ തുടങ്ങിയവ ലഭ്യമാണ്. കഴിഞ്ഞ വർഷം ധാരാളം ക്രൈസ്തവർക്ക് ഈ കോർപറേഷനിൽ നിന്ന് ഇപ്രകാരമുള്ള വായ്പകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ക്രൈസ്തവർ അന്വേഷിച്ചാൽ ലഭിക്കുന്ന മറുപടി ഫണ്ടില്ല, വായ്പ തരാൻ സാധിക്കില്ല എന്നത്രേ. അതിലും ഗുരുതരമായ സംഗതി കഴിഞ്ഞ വർഷം വായ്പ അനുവദിച്ചവർക്ക് ഈ വർഷം രണ്ടാം ഗഡു അനുവദിക്കാൻ കോർപറേഷൻ തയാറാകുന്നില്ല എന്നതാണ്. ഇത് വലിയ കൃത്യവിലോപമാണ്.
ലോൺ എടുത്തവരുടെ ആധാരവും മറ്റു രേഖകകളും വാങ്ങിവച്ച ശേഷം വായ്പ തരില്ലെന്നു പറഞ്ഞാൽ അവർ എവിടെ നിന്നു വായ്പയെടുക്കും? വിദ്യാഭ്യാസ വായ്പ എടുത്തവർ എങ്ങനെ പഠനം തുടരും? ക്രൈസ്തവർ കോർപറേഷന്റെ വായ്പകൾക്ക് ഇനി അപേക്ഷിക്കാതിരിക്കാൻ ബോധപൂർവം ചെയ്യുന്ന നടപടിയായി മാത്രമേ ഇതൊക്കെ മനസിലാക്കാൻ സാധിക്കൂ. ലോണുകൾക്ക് ഫണ്ടില്ല എന്നു പറഞ്ഞു വിലപിക്കുന്ന ഇതേ കോർപറേഷനാണ് മദ്രസാ അധ്യാപകർക്ക് പലിശ രഹിത വായ്പ അനുവദിക്കാനുള്ള പുതിയ പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്. പലിശ രഹിത വായ്പ നൽകാൻ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങൾ അനുവദിക്കുന്നുണ്ടോ എന്നത് ഇവിടെ ഉയരുന്ന ഒരു ചോദ്യമാണ്.
ക്രൈസ്തവർ കൂടുതലുള്ള കോട്ടയം, ഇടുക്കി, തൃശൂർ തുടങ്ങിയ മേഖലകളിൽ കോർപറേഷന്റെ ശാഖകൾ ആരംഭിക്കണമെന്ന ആവശ്യത്തിനും പുല്ലുവിലയാണ് കല്പിച്ചത്. ഇപ്പോൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങളിൽ മാത്രമാണ് മേഖലാ ബ്രാഞ്ചുകൾ ഉള്ളത്.
ന്യൂനപക്ഷ കമ്മീഷനിലെ വിവേചനം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഈയിടെ പുനസംഘടിപ്പിച്ചിരുന്നു. ക്രൈസ്തവർക്ക് ഇതു വരെ ചെയർമാൻ സ്ഥാനം ലഭിക്കാത്തതിനാൽ ഇപ്രാവശ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതു വൃഥാവിലായി. കമ്മീഷനിലെ ക്രിസ്ത്യൻ പേരുള്ള ഏക വനിതാ അംഗമാകട്ടെ ക്രൈസ്തവ സമൂഹത്തിന് സുപരിചിതയുമല്ല.
മാത്രമല്ല, ആ വ്യക്തി ക്രൈസ്തവ സഭകളുമായി ആശയ വിനിമയം നടത്താനോ ക്രൈസ്തവരുടെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അന്വേഷിക്കാനോ ഇതുവരെ തയാറായിട്ടില്ല. ഒക്ടോബർ നാലിന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുതിയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ സമ്മേളനത്തിൽ ആകെയുള്ള ക്രിസ്ത്യൻ മെബർ മാത്രം പങ്കെടുത്തില്ല. എല്ലാവർക്കും കൂടി സൗകര്യപ്രദമായ ദിവസം മീറ്റിംഗ് ക്രമീകരിച്ചാൽ പോരായിരുന്നോ?
2017ൽ കെ.ടി. ജലീൽ കൊണ്ടുവന്ന മറ്റൊരു നിയമ ഭേദഗതി മൂലമാണ് ക്രൈസ്തവർക്ക് സ്ഥിരമായി വനിതാ അംഗത്തെ നൽകുന്നത്. ഇതിന്റെ ഉദ്ദേശ്യം, ക്രൈസ്തവർക്ക് നാമമാത്ര പ്രാതിനിധ്യം നൽകി അവരെ ഒതുക്കുക എന്നതാണ്. പ്രബല ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ടു പുരുഷ അംഗങ്ങൾ എടുക്കുന്ന ഏകപക്ഷീയ നിലപാടുകളെ എതിർക്കാൻ സാധാരണ ഗതിയിൽ ഒരു വനിതയ്ക്ക് ഒറ്റയ്ക്കു സാധിക്കില്ലെന്ന ചിന്തതന്നെയാണ് ഇതിനു പിന്നിൽ.
നടപടിയില്ലാതെ ജെ.ബി. കോശി റിപ്പോർട്ട്
പാലൊളി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വേണ്ടി അന്നത്തെ ഇടതുപക്ഷ സർക്കാർ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച കാര്യം ഏവർക്കും അറിവുള്ളതാണ്. 2005 മാർച്ചിൽ കേന്ദ്ര സർക്കാർ നിയമിച്ച സച്ചാർ കമ്മീഷൻ 2006 നവംബർ 30ന് ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ ചുവടു പിടിച്ച് കേരളത്തിലെ മുസ്ലിംകളുടെ സാഹചര്യങ്ങൾ പഠിക്കാൻ അച്യുതാനന്ദൻ സർക്കാർ 2007 ഒക്ടോബർ 15ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടി അധ്യക്ഷനായി കെ.ടി. ജലീൽ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ നിയമിച്ചു.
ഈ കമ്മിറ്റി 2008 മേയ് ആറിന് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പുറത്തു വരുന്നതിനു മുമ്പു തന്നെ (ഏപ്രിൽ) സംസ്ഥാനത്ത് ന്യൂനപക്ഷ സെൽ ആരംഭിക്കുകയും റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ അതിനെ ന്യൂനപക്ഷ ഡയറക്ടറേറ്റായി ഉയർത്തുകയും ന്യൂനപക്ഷങ്ങൾക്ക് എന്നപേരിൽ മുസ്ലിംകൾക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ക്രൈസ്തവരും ഈ നാട്ടിലെ ന്യൂനപക്ഷങ്ങളാണെന്ന സത്യം മാറിമാറി വന്ന സർക്കാരുകൾ മനപൂർവം വിസ്മരിച്ചു. 80:20 എന്ന അനീതി നീങ്ങിക്കിട്ടാൻ ക്രൈസ്തവർക്ക് നീതിപീഠത്തെ സമീപിക്കേണ്ടിവന്നു. ഇതിനെതിരേ ക്രൈസ്തവരുടെ കൂടി നികുതിപ്പണം ഉപയോഗിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
ക്രൈസ്തവരുടെ ഏറെ നാളത്തെ മുറവിളികൾക്കു ശേഷമാണ് അവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ ജെ.ബി. കോശി കമ്മീഷൻ നിയമിക്കപ്പെട്ടത്. ഈ കമ്മീഷൻ രണ്ടു വർഷത്തെ പഠനത്തിനുശേഷം 2023 മേയ് 17ന് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. റിപ്പോർട്ട് പിന്നീട് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കൈമാറി. വകുപ്പ് അത് ഏഴു മാസമായി കൈവശം വച്ചിരിക്കുന്നതല്ലാതെ പുറത്തുവിടാൻ തയാറാകുന്നില്ല.
വിവരാവകാശ നിയമപ്രകാരം പോലും റിപ്പോർട്ട് ലഭ്യമാക്കുന്നില്ല. ഈയിടെ പങ്കാളിത്ത പെൻഷൻ പുനപരിശോധനാ റിപ്പോർട്ട് പുറത്തുവിടാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇതേ നിയമം തന്നെ ജെ.ബി.കോശി റിപ്പോർട്ടിലും ബാധകമാണെന്നിരിക്കെയാണ് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് തൽപരകക്ഷികളുടെ സമ്മർദത്തെത്തുടർന്ന് റിപ്പോർട്ട് പൂഴ്ത്തിവച്ചിരിക്കുന്നത്.
കരിയും പുകയുമായി കെടാവിളക്ക്
കേന്ദ്രസർക്കാരിന്റെ ഒബിസി പ്രീമെട്രിക്, മൈനോറിറ്റി പ്രീമെട്രിക് എന്നീ സ്കോളർഷിപ്പുകൾ ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പേരു പറഞ്ഞ് കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കി പ്രീ മെട്രിക് സ്കോളർഷിപ്പുകൾ ഒൻപത്, പത്ത് ക്ലാസുകളിൽ മാത്രമായി പരിമിതപ്പെടുത്തി. കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ പകരം പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതുമാണ്. അപ്രകാരം ആരംഭിച്ച പദ്ധതിയാണ് ‘കെടാവിളക്ക്’. എന്നാൽ ഇത് ഒബിസി വിഭാഗങ്ങൾക്കു മാത്രമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ നിന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഒഴിവാക്കിയിരിക്കുകയാണ്. ക്രൈസ്തവർക്ക് ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. കാരണം ന്യൂനപക്ഷങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിച്ചാൽ, ഹൈക്കോടതി വിധി പ്രകാരം അത് ജനസംഖ്യാനുപാതത്തിൽ ക്രൈസ്തവർക്കു നൽകേണ്ടി വരുമല്ലോ എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നു അവർ ന്യായമായും സംശയിക്കുന്നു.
ക്രൈസ്തവരും ഈ നാട്ടിലെ പൗരന്മാരും വോട്ടർമാരുമാണ്. ഭരണഘടനാപരമായ തുല്യനീതിക്ക് അവർക്കും അവകാശമുണ്ട്. ഇന്ത്യൻ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന സ്വഭാവം ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നു. ബഹുമാനപ്പെട്ട മന്ത്രി അബ്ദുറഹ്മാനേ, അൽപം "റഹിം'(കരുണ) ഞങ്ങളോടും...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.