തുരങ്ക ദുരന്തം: തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ധര്‍; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവുമെത്തി

തുരങ്ക ദുരന്തം: തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ധര്‍; രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവുമെത്തി

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപെടുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്ന് സൂചന. ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതാണ് കാരണം.

ഇനി യന്ത്ര സഹായമില്ലാതെ കുഴിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യവും ട്രെഞ്ച്‌ലെസ്് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

തകരാറിലായ ഓഗര്‍ യന്ത്രത്തിന്റെ കേടായ ഭാഗങ്ങള്‍ സാങ്കേതിക വിദഗ്ദര്‍ ആദ്യം നീക്കം ചെയ്യും. ഇതിനായി ഒരു ദിവസം മുഴുവന്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യാധ്വാനം ഉപയോഗിച്ച് തുരക്കേണ്ടി വന്നാല്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ചിലപ്പോള്‍ ഒരു മാസത്തോളം വേണ്ടിവരുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നു.

പ്രവര്‍ത്തനം തടസപ്പെടന്നതിന് മുന്‍പ് ഓഗര്‍ യന്ത്രം 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിങ് നടത്തിയിരുന്നു. പിന്നാലെ ഇരുമ്പുപാളികളില്‍ തട്ടി പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. തടസങ്ങള്‍ നീക്കിയാലുടന്‍ തിരശ്ചീനമായ ഡ്രില്ലിങ് തുടരും. ഇതിനായാണ് സൈന്യത്തിന്റെ സേവനം ആവശ്യം വരുന്നത്.

തിരശ്ചീനമായ ഡ്രില്ലിങ് 60 മീറ്റര്‍ പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികളുടെ അടുത്തെത്താം. എന്നാല്‍, ലംബമായ ഡ്രില്ലിങ്ങിന് 82 മീറ്റര്‍ തുരക്കണം. മുകളില്‍ നിന്നുള്ള ഡ്രില്ലിങ് പൂര്‍ത്തിയാക്കാന്‍ വൈകുമെന്നും ദൗത്യത്തിന് നേതൃത്വം നല്‍കുന്ന തുരങ്കനിര്‍മാണ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു.

തൊഴിലാളികളുമായി സംസാരിക്കാന്‍ തുരങ്കത്തില്‍ ലാന്‍ഡ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാം. ലാന്‍ഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണുകള്‍ ഭക്ഷണം എത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കുഴലുകള്‍ വഴിയാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചത്.

തുരങ്കത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ ഇതിനാവശ്യമായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തില്‍ സ്ഥാപിച്ച എന്‍ഡോസ്‌കോപിക് ക്യാമറയും വാക്കിടോക്കികളും വഴിയാണ് ഇപ്പോള്‍ തൊഴിലാളികളുമായി സംസാരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.