വടക്കന്‍ ഗാസയുടെ ചുമതലക്കാരന്‍ അഹമ്മദ് ഖണ്ടൂര്‍ അടക്കം നാല് ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടു: വിവരം പുറത്തു വിട്ട് ഹമാസ്

വടക്കന്‍ ഗാസയുടെ ചുമതലക്കാരന്‍ അഹമ്മദ് ഖണ്ടൂര്‍ അടക്കം നാല് ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടു: വിവരം പുറത്തു വിട്ട് ഹമാസ്

ഗാസ സിറ്റി: ഇസ്രയേലുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ നാല് പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. വടക്കന്‍ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ഖണ്ടൂര്‍ ആണ് ഇതില്‍ പ്രധാനി. 

ഇയാളെ കൂടാതെ സൈന്യത്തിലെ മൂന്ന് ഉന്നത നേതാക്കളും ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസാമിന്റെ റോക്കറ്റ് യൂണിറ്റ് മേധാവി അയ്മന്‍ സിയ്യാമാണ് കൊല്ലപ്പെട്ട കമാന്‍ഡര്‍മാരിലൊരാള്‍. വാഇല്‍ റജബ്, റാഫത് സല്‍മാന്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇവര്‍ എന്നാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഒന്നര മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഹമാസിനുണ്ടായ വലിയ നഷ്ടങ്ങളിലൊന്നാണ് അഹമ്മദ് അല്‍ ഖണ്ടൂറിന്റെ വധം. ഹമാസിന്റെ ഷൂറ സമിതി മുന്‍ അംഗവും പൊളിറ്റ് ബ്യൂറോ അംഗവുമാണ്. 2002 മുതല്‍ ഇസ്രയേല്‍ നടത്തിയ മൂന്നു വധശ്രമങ്ങളെ അഹമ്മദ് അതിജീവിച്ചിരുന്നു.

അബു അനസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാളെ 2017 ല്‍ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2006 ല്‍ കെറെം ശാലോം അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനിക പോസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാള്‍. അതില്‍ രണ്ട് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.