'സ്വാതന്ത്ര്യത്തിനായുള്ള എല്‍ടിടിഇയുടെ പോരാട്ടം തുടരും': വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ

'സ്വാതന്ത്ര്യത്തിനായുള്ള എല്‍ടിടിഇയുടെ പോരാട്ടം തുടരും': വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ

കൊളംബോ: എല്‍ടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും എന്ന് വ്യക്തമാക്കി കൊല്ലപ്പെട്ട ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ. എല്‍.ടി.ടി.ഇക്കാര്‍ 'മാവീരര്‍ നാള്‍' (വീരന്മാരുടെ ദിനം) ആയി ആഘോഷിക്കുന്ന നവംബര്‍ 27 നാണ് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ദ്വാരക പ്രഭാകരന്‍ എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. 'നിരവധി പ്രതിസന്ധികളും വഞ്ചനകളും തരണം ചെയ്താണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഒരു ദിവസം ഈഴം സന്ദര്‍ശിച്ച് എന്റെ ജനങ്ങളെ സേവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെ'ന്നും യുവതി വീഡിയോയില്‍ പറയുന്നു. 12 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോയില്‍ ശ്രീലങ്കന്‍ തമിഴിലാണ് യുവതിയുടെ സംസാരം.

2009 ലെ അവസാനഘട്ട യുദ്ധത്തില്‍ എല്‍ടിടിഇയെ നേരിട്ട് നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി. അതാണ് ഞങ്ങളുടെ സൈനിക പോരാട്ടം മുള്ളിവയ്ക്കലില്‍ അവസാനിച്ചത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല.

എല്‍ടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും. തമിഴ് സമരം സിംഹള ജനതയ്‌ക്കെതിരെയല്ലെന്നും തങ്ങള്‍ക്കെതിരെ നിരപരാധികളെ കൈയേറ്റം ചെയ്ത സര്‍ക്കാരിനും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമെതിരെയാണെന്നും യുവതി വ്യക്തമാക്കി.

പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ച് ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം ദ്വാരക പ്രഭാകരന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യറാക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

എ.ഐ ഉപയോഗിച്ച് വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതായുള്ള വിവരം നേരത്തെ ലഭിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2009 മെയിലാണ് വേലുപ്പിള്ള പ്രഭാകരന്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ 12 വയസായ മകന്റെ ശവശരീരം പ്രഭാകരന്റെ മൃതദേഹത്തിനടുത്ത് കണ്ടെത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.