തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ കത്ത് നിയമസഭയിൽ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല. ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ കത്താണ് ചെന്നിത്തല പുറത്തുവിട്ടത്.
'ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും'. ഈ വസ്തുതകള്‍ പരിഗണിച്ച് നാല് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമൽ നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമൽ ഇത്തരമൊരു കത്ത് മന്ത്രിക്ക് നൽകിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജർ, ഫെസ്റ്റിവൽ), എൻ.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാംസ്), വിമർ കുമാർ വി. പി. (പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ ചോദ്യങ്ങൾ ഉയർത്തിയത്.
ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതേ മാതൃകയിലാണ് വിവിധ വകുപ്പുകളിൽ പിൻവാതിൽ നിയമനം നടക്കുന്ന വാദമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇതിനൊടുവിലാണ് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.