ഓസ്‌ട്രേലിയയിൽ യഹൂദ വിരുദ്ധത വർധിക്കുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും

ഓസ്‌ട്രേലിയയിൽ യഹൂദ വിരുദ്ധത വർധിക്കുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും

സിഡ്നി: രാജ്യത്ത് വർധിച്ചു വരുന്ന യഹൂദ വിരുദ്ധതക്കെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിലെ ജനങ്ങൾ. മുൻ സംസ്ഥാന പ്രീമിയർമാരും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖ ഓസ്‌ട്രേലിയക്കാർ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്ന യഹൂദ വിരുദ്ധതയെ അപലപിച്ചു. എല്ലാ ഓസ്‌ട്രേലിയക്കാരെയും ബഹുമാനത്തോടെ ഉൾക്കൊള്ളണമെന്നും പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു തുറന്ന കത്തിൽ നേതാക്കൾ ഒപ്പുവച്ചു.

"സെയ് നോ ടു ആന്റിസെമിറ്റിസം"(യഹൂദ വിരുദ്ധത അവസാനിപ്പിക്കുക) എന്ന പേരിൽ ഒരു വെബ്‌സൈറ്റുമായി ലിങ്ക് ചെയ്‌ത തുറന്ന കത്ത് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്നുള്ള ഇസ്രായേൽ ഗാസയ്‌ക്കെതിരായ ആക്രമണത്തിനും ശേഷം ഓസ്‌ട്രേലിയയിലുടനീളം യഹൂദ വിരുദ്ധ സംഭവങ്ങളിൽ വർധനയുണ്ടായതായി ഓസ്‌ട്രേലിയൻ ജൂവറി എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ കണക്ക് ഉദ്ധരിച്ച് കത്തിൽ പറയുന്നു.

തെരുവുകളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും സിഡ്‌നി ഓപ്പറ ഹൗസ്, ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷൻ, പാർലമെന്റ് എന്നിവയുൾപ്പെടെ പൊതു ഓസ്‌ട്രേലിയൻ ലാൻഡ്‌മാർക്കുകൾക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണെന്ന് കത്തിൽ പറയുന്നു. വംശീയത അതിന്റെ എല്ലാ രൂപത്തിലും നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഒപ്പുവെച്ച 600 പേരും പറയുന്നു.

മുൻ പ്രീമിയർമാരായ ഡാനിയൽ ആൻഡ്രൂസ്, ഗ്ലാഡിസ് ബെറെജിക്ലിയൻ, അന്ന ബ്ലിഗ്, ജെഫ് കെന്നറ്റ്, സ്റ്റീവ് ബ്രാക്സ്, മാർക്ക് മക്‌ഗോവൻ, മുൻ ലേബർ നേതാവ് കിം ബീസ്‌ലി എന്നിവരും ബിസിനസ്സ് നേതാക്കളായ ടെൽസ്ട്രാ ചെയർ, ജോൺ മുള്ളൻ, വെസ്‌ഫാർമേഴ്‌സ് ചെയർ, മൈക്കൽ ഷാനി, ശതകോടീശ്വരൻമാരായ ലിൻഡ്‌സെ ഫോക്‌സ്, ആന്റണി പ്രാറ്റ്, സോളമൻ ലൂ എന്നിവരും കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

എല്ലാ ഓസ്‌ട്രേലിയക്കാർക്കും ശത്രുതാപരമായ, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റങ്ങളിൽ നിന്ന് മാറി ബഹുമാനത്തോടെ പെരുമാറാൻ അർഹതയുണ്ട്. രാജ്യത്തെ ജനങ്ങൾ യഹൂദവിരുദ്ധത, ഇസ്‌ലാമോഫോബിയ എന്നവക്കെതിരെ ശക്തമായി പോരാടണമെന്നും പ്രതിഷേധക്കാർ പറയുന്നു. ഒപ്പിട്ടവരുടെ മുഴുവൻ പട്ടികയും കാമ്പെയ്‌നിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.