ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായുള്ള ഡോ. വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കി. വി.സി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി പുനര്‍നിയമനം ശരി വെച്ച ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.
പുനര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജികളില്‍ ജസ്റ്റിസ് ജെ.ബി പര്‍ദിവാലയാണ് വിധി പറഞ്ഞത്. വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
അറുപത് കഴിഞ്ഞവര്‍ക്ക് എങ്ങനെ പുനര്‍നിയമനം നല്‍കുമെന്ന് വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പുനര്‍നിയമനത്തിന് പ്രായം അടക്കം മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടി.
കണ്ണൂര്‍ വി.സിയുടെ ആദ്യ നിയമനം തന്നെ യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനര്‍നിയമനവും നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദമുയര്‍ത്തി.
എന്നാല്‍ യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനര്‍നിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രായപരിധി പുനര്‍നിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വി.സിയായതിനാല്‍ തനിക്ക് പുനര്‍നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.
വി.സിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി.സിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചു വിട്ടിരുന്നു.
പിന്നീടാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വി.സി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. തുടര്‍ന്ന് വി.സി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.