മെല്‍ബണ്‍: ഹമാസിന്റെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലി പൗരന്മാരുടെ ബന്ധുക്കള്‍ക്കു നേരെ ഓസ്‌ട്രേലിയയില്‍ ആക്രമണ ശ്രമം. ഒരാഴ്ചത്തെ പര്യടനത്തിന് ഓസ്‌ട്രേലിയയിലെത്തിയ ഇസ്രയേല്‍ പ്രതിനിധി സംഘത്തിനു നേരെയാണ് പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധമുണ്ടായത്. മെല്‍ബണില്‍ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ പാലസ്തീന്‍ അനുകൂലികള്‍ അപ്രതീക്ഷിതമായി ഇരച്ചുകയറുകയായിരുന്നു. പ്രതിഷേധത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. കാന്‍ബറയില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി തന്റെ ആശങ്ക അറിയിച്ചത്.
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ബന്ധുക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് ഓസ്‌ട്രേലിയയിലെത്തിയത്. മെല്‍ബണില്‍ ഒരു ചടങ്ങിന് ശേഷം ക്രൗണ്‍ പ്ലാസ ഹോട്ടലിലെത്തിയപ്പോഴാണ് ഇസ്രയേലി സംഘത്തിനു നേരെ പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധമുണ്ടായത്. മാസ്‌കിട്ട ഇരുപതിലേറെ പേരാണ് മെഗാഫോണുകളും പാലസ്തീന്‍ അനുകൂല ബാനറുകളും പതാകകളും പിടിച്ച് ഹോട്ടലിലെ ലോബിയില്‍ അതിക്രമിച്ച് കയറി ബഹളം വച്ചത്. ഇതേതുടര്‍ന്ന് ഭീതിയിലായ ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് മുറികളില്‍ പ്രവേശിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മെല്‍ബണ്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഈ ആഴ്ച തുടക്കത്തില്‍ പ്രധാനമന്ത്രി മറ്റ് ഓസ്ട്രേലിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ബന്ദികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. പ്രതിഷേധക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ഞെട്ടിപ്പോയതായി പ്രധാനമന്ത്രി പറഞ്ഞു.
ഒരാഴ്ചത്തെ പര്യടനത്തിന്റെ ഭാഗമായാണ് ഇസ്രയേല്‍ പ്രതിനിധി സംഘം ആദ്യം കാന്‍ബറയിലെത്തിയത്. ഇനി സിഡ്നി സന്ദര്‍ശിക്കും. പ്രതിഷേധമുണ്ടായെങ്കിലും പ്രതിനിധി സംഘം ഓസ്ട്രേലിയന്‍ പര്യടനം തുടരുകയും ഹമാസ് ബന്ദികളാക്കിയവര്‍ക്ക് പിന്തുണ നല്‍കാനുള്ള അഭ്യര്‍ത്ഥന തുടരുകയും ചെയ്യുമെന്ന് ഇസ്രായേല്‍ അംബാസഡര്‍ അറിയിച്ചു.
'കഴിഞ്ഞ രാത്രി മെല്‍ബണില്‍ ഹോട്ടലില്‍ സംഭവിച്ചത് നമ്മുടെ ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനും അപ്പുറമുള്ള കാര്യങ്ങളാണ്' - പ്രധാനമന്ത്രി പറഞ്ഞു. 'ബന്ദികളുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നിടത്ത് ഒരു പ്രതിഷേധം നടത്താന്‍ ശ്രമിക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്. കുടുംബാംഗങ്ങളോട് ഓസ്ട്രേലിയന്‍ സര്‍ക്കാരിന് വേണ്ടി ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചു. ഇത്തരത്തിലുള്ള പ്രതിഷേധം അപമാനത്തിന്റെ പ്രവൃത്തിയാണെന്ന് പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.
വിക്ടോറിയന്‍ പ്രധാനമന്ത്രി ജസീന്ത അലനും ഒരു പ്രസ്താവനയിലൂടെ പ്രതിഷേധത്തെ അപലപിച്ചു. 'താന്‍ ജൂതവിരുദ്ധതയെ അപലപിക്കുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ലക്ഷ്യമിടുന്നതിനെ താന്‍ അപലപിക്കുന്നു - ജസീന്ത അലന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.