കുടുംബശ്രീ ബാങ്കിങ് രംഗത്തേക്ക്; സാധ്യതാ പഠന ഏജന്‍സി ഉടന്‍

കുടുംബശ്രീ ബാങ്കിങ് രംഗത്തേക്ക്;   സാധ്യതാ പഠന ഏജന്‍സി ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കുടുംബശ്രീ ബാങ്കിങ് രംഗത്തേക്ക്. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് കുടുംബശ്രീ മിഷന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. ഇതിനായി ആഗോള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും അറിയുന്നു. ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടി.

2.91 ലക്ഷം കുടുംബശ്രീ യൂണിറ്റുകളിലായി 43 ലക്ഷം അംഗങ്ങളാണ് കുടുംബശ്രീ മിഷനുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് കുടുംബശ്രീ. ഏകദേശം 2.29 ലക്ഷം കുടുംബശ്രീ യൂണിറ്റുകളാണ് ഗ്രാമീണ മേഖലയിലുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ നിക്ഷേപവും വായ്പയും കുടുംബശ്രീ യൂണിറ്റുകളുടെ ഭാഗമായി വിവിധ ബാങ്കുകളിലുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള ആലോചന.

വിവിധ ബാങ്കുകളിലായാണ് കുടുംബശ്രീയുടെ നിക്ഷേപങ്ങളും വായ്പകളുമുള്ളത്. മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 4132 കോടി രൂപയുടെ വായ്പയാണ് നിലവിലുള്ളത്. ഇതുവരെ 20,3412 കോടിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായി നല്‍കിയിട്ടുള്ള വായ്പയുടെ ആകെ മൂല്യം. മാത്രമല്ല ലഘു സമ്പാദ്യങ്ങളായി വിവിധ ബാങ്കുകളിലായി ഏകദേശം 5061.83 കോടിയോളം നിക്ഷേപവും ഉണ്ട്. ഈയൊരു സാഹചര്യത്തിലാണ് ബാങ്ക് എന്ന ആശയം കുടുംബശ്രീയുടെ ചിന്തയില്‍ വന്നത്.

കുടുംബശ്രീയുടെ ഗവേണിങ് ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്. വിവിധ ബാങ്കുകളിലായി വലിയൊരു തുക നിക്ഷേപമായി ഉള്ളതിനാല്‍ റിസര്‍വ് ബാങ്കിന്റെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിങ് ലൈസന്‍സ് കുടുംബശ്രീക്ക് നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ ഇത്തരം ബാങ്കിങ് ലൈന്‍സന്‍സിന് അപേക്ഷിക്കാനാകും.

ബാങ്ക് യാഥാര്‍ഥ്യമായാല്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാകും. മാത്രമല്ല അയല്‍കൂട്ടങ്ങളുടെ സമ്പാദ്യ പദ്ധതികളും വായ്പയുമെല്ലാം ഒരു കുടക്കീഴില്‍ വരും. ഇതിലൂടെ കൃഷി, സ്വയംതൊഴില്‍ വായ്പകള്‍ അംഗങ്ങള്‍ക്ക് പെട്ടെന്ന് ലഭ്യമാകാന്‍ ഇടയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.