ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; വാഷിങ്ടണ്‍ ഡിസിയില്‍ 24 വരെ അടിയന്തരാവസ്ഥ

ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്;  വാഷിങ്ടണ്‍ ഡിസിയില്‍ 24 വരെ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ അക്രമമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനുവരി 20 നാണ് ജോ ബൈഡന്റെ സ്ഥാനാരോഹണം. ജനുവരി 24 വരെയാണ് വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി. കഴിഞ്ഞ ആറിനാണ് ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി അക്രമം അഴിച്ചു വിട്ടത്. പ്രകടനമായെത്തിയ നൂറുകണക്കിനു ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.

പൊലീസിനെ നോക്കുകുത്തിയാക്കി അഴിഞ്ഞാടിയ ഇവര്‍ സഭാഹാളും ഓഫിസുകളും കയ്യേറി. ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സാധനങ്ങള്‍ കൊള്ളയടിച്ചു. ഇതോടെ സമ്മേളനം നിര്‍ത്തിവച്ചു സഭാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഒഴിപ്പിച്ചു. സെനറ്റ് ചേംബറിന്റെ വാതിലുകള്‍ അകത്തുനിന്ന് അടച്ചു മുന്നില്‍ മേശകള്‍ നിരത്തിയിട്ട ശേഷം തോക്കുകള്‍ ചൂണ്ടിയാണു പൊലീസ് അക്രമികളെ തടഞ്ഞത്.

അതിനിടെ അക്രമത്തെ അപലപിച്ച് ഡൊണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കയുടെ അന്തസിനേറ്റ കളങ്കമായാണ് മെലാനിയ അക്രമത്തെ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.