'റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം; വലിയ കുടുംബം, കൂടുതല്‍ ജനസംഖ്യ': അതായിരിക്കണം ലക്ഷ്യമെന്ന് പുടിന്‍

 'റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം; വലിയ കുടുംബം, കൂടുതല്‍ ജനസംഖ്യ': അതായിരിക്കണം ലക്ഷ്യമെന്ന് പുടിന്‍

മോസ്‌കോ: റഷ്യന്‍ സ്ത്രീകള്‍ എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. വലിയ കുടുംബം ഉണ്ടാക്കുക, അതുവഴി റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കുക എന്നതാകണം ലക്ഷ്യം. മോസ്‌കോയില്‍ വേള്‍ഡ് പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നമ്മുടെ പല മുത്തശ്ശിമാര്‍ക്കും എട്ടോ അതിലധികമോ കുട്ടകളുണ്ടായിരുന്നു. ഈ കാര്യം നിങ്ങള്‍ മറന്നു പോകരുത്. ഈ മഹത്തായ പാരമ്പര്യം നമുക്ക് തിരികെ കൊണ്ടുവരുകയും സംരക്ഷിക്കുകയും ചെയ്യാം. വലിയ കുടുംബം എന്നത് എല്ലാവരുടെയും ജീവിത രീതിയായി മാറണമെന്നും കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാനം മാത്രമല്ല അത് ആത്മീയ പ്രതിഭാസം കൂടിയാണെന്നും പുടിന്‍ പറഞ്ഞു.

റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പാത്രിയോര്‍ക്കീസ് കിറില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു പുടിന്‍ നിലപാട് വ്യക്തമാക്കിയത്. 1990 മുതല്‍ റഷ്യയുടെ ജനന നിരക്ക് കുറവാണ്. ഇതിന് പുറമേ ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയ ശേഷം മൂന്ന് ലക്ഷത്തിലധികം റഷ്യക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇക്കാര്യം പുടിന്‍ യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

അതേസമയം പുടിന്റെ ആഹ്വാനത്തിന് പിന്നില്‍ ഉക്രെയ്ന്‍ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തിന് പിന്നാലെ ഒമ്പത് ലക്ഷത്തോളം ആളുകള്‍ റഷ്യ വിട്ടതും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.