കുഞ്ഞു മാലാഖ ഇൻഡി ഗ്രിഗറിക്ക് അന്ത്യയാത്ര; പ്രാർ‌ത്ഥനയും അനുശോചനവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

കുഞ്ഞു മാലാഖ ഇൻഡി ഗ്രിഗറിക്ക് അന്ത്യയാത്ര; പ്രാർ‌ത്ഥനയും അനുശോചനവും അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

നോട്ടിംഗ്ഹാം: ബ്രിട്ടീഷ് കോടതി ജീവൻ രക്ഷ ഉപാധികൾ എടുത്തുകളയാൻ ഉത്തരവിട്ടതിനെത്തുടർന്ന് ജീവൻ നഷ്ടമായ കുഞ്ഞു മാലാഖ ഇൻഡി ഗ്രിഗറിയുടെ മൃതസംസ്കാര ശുശ്രൂഷകൾ ഇന്നലെ നടന്നു. നോട്ടിംഗ്ഹാം ബിഷപ്പ് പാട്രിക് മക്കിന്നി ചടങ്ങുകൾക്ക് മുഖ്യകാ‍ർമ്മികത്വം വഹിച്ചു.ഇൻഡിയുടെ ശരീരം സൂക്ഷിച്ച വെള്ളയും പിങ്ക് പൂക്കളും കൊണ്ട് അലങ്കരിച്ച പേടകം കുതിരവണ്ടിയിൽ തെരുവുകളിലൂടെ ഘോഷയാത്ര നടത്തി.

ഇറ്റാലിയൻ മന്ത്രിമാരായ യൂജീനിയ റോസെല്ല, അലസാന്ദ്ര ലൊക്കാറ്റെല്ലി എന്നിവരും മുൻ ഇറ്റാലിയൻ സെനറ്ററും അഭിഭാഷകനുമായ സിമോൺ പില്ലൺ തുടങ്ങിയ പ്രമുഖരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.
സംസ്കാര ചടങ്ങിനിടെ ഇൻഡി ഗ്രിഗറിയുടെ കുടുംബത്തിന് ഫ്രാൻസിസ് മാർപാപ്പയും അനുശോചനം അറിയിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ നോട്ടിംഗ്ഹാമിലെ ബിഷപ്പ് പാട്രിക് മക്കിന്നിയെ അഭിസംബോധന ചെയ്ത് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പയുടെ അനുശോചനവും പ്രാർത്ഥനയുമുള്ളത്.സ്വർഗ്ഗസ്ഥനായ പിതാവിന്റെ ആർദ്രവും സ്നേഹനിർഭരവുമായ കരങ്ങളിൽ ഇൻഡിയെ ഭരമേല്പിച്ചുകൊണ്ട് ഹ്രസ്വമായ ജീവിതം സമ്മാനിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുകയാണെന്ന് പാപ്പ കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയായിരിന്നു. ചികിത്സ ഫലപ്രദമല്ലെന്ന വ്യാഖ്യാനത്തോടെ ജീവൻ രക്ഷാ ഉപാധികൾ എടുത്ത് മാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും നിയമ പോരാട്ടം നടത്തിയിരിന്നു.

വിഷയത്തിൽ വത്തിക്കാനും ഇറ്റലിയും ഇടപെട്ടെങ്കിലും ജീവന് വേണ്ടിയുള്ള വാദം കണക്കിലെടുക്കാതെ ജീവൻ രക്ഷ ഉപാധികൾ എടുത്തുമാറ്റാൻ ബ്രിട്ടീഷ് കോടതി വിധിയെഴുത്ത് നടത്തി. എട്ട് മാസം പ്രായമുള്ള കുഞ്ഞ് നവംബർ 13ന് അമ്മയുടെ കൈകളിലാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.