ദുബായിയില്‍ നടക്കുന്ന കോപ്-28 ഉച്ചകോടിയില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രഭാഷണം കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വായിക്കുന്നു
ദുബായ്: പരിസ്ഥിതിയെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ കുറ്റമാണെന്നും അത് വ്യക്തിപരമല്ല, മറിച്ച് എല്ലാ മനുഷ്യരെയും അപകടപ്പെടുത്തുകയും പ്രത്യേകിച്ച് ദുര്‍ബലരായ, തലമുറകള്‍ക്കിടയില്‍ സംഘര്‍ഷം അഴിച്ചുവിടുകയും ചെയ്യുന്ന പാപമാണെന്നും ഫ്രാന്‍സിസ് പാപ്പ. പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവരുടെ ഭാവി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ടെന്നും മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.
ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 28) ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം വായിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ശ്വാസകോശസംബന്ധമായ അണുബാധയെ തുടര്‍ന്നാണ്, കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പാപ്പാ ഒഴിവാക്കിയത്. മാര്‍പാപ്പയെ പ്രതിനിധീകരിച്ചാണ് കര്‍ദിനാള്‍ പരോളിന്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്.
നമ്മുടെ ഭാവി നാം തിരഞ്ഞെടുക്കുന്ന വര്‍ത്തമാനത്തെ ആശ്രയിച്ചിരിക്കുന്നതായി പാപ്പ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. 'കാലാവസ്ഥാ വ്യതിയാനം ആഗോള സാമൂഹിക പ്രശ്നവും മനുഷ്യ ജീവിതത്തിന്റെ അന്തസുമായി ബന്ധമുള്ളതുമാണ്. നാം പ്രവര്‍ത്തിക്കുന്നത് ഒരു ജീവിത സംസ്‌കാരത്തിനാണോ മരണത്തിന്റെ സംസ്‌കാരത്തിനാണോ എന്ന് സ്വയം ചോദിക്കണം.
ജീവനും ഭാവിയും തിരഞ്ഞെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച പാപ്പാ ഭൂമിയുടെ രോദനം ശ്രവിക്കാനും പാവപ്പെട്ടവരുടെ അപേക്ഷ കേള്‍ക്കാനും യുവാക്കളുടെ പ്രതീക്ഷകളോടും കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളോടും പ്രതികരിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും ഓര്‍മിപ്പിച്ചു.
നമ്മുടെ ഗ്രഹത്തിന്റെ ആവാസ വ്യവസ്ഥയെ താറുമാറാക്കുന്ന കാലാവസ്ഥ മാറ്റത്തെക്കുറിച്ച് പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യന്റെ പ്രവര്‍ത്തികളുടെ ഫലമായി അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ വര്‍ദ്ധിച്ചതു മൂലമുള്ള ആഗോള താപനമാണ് ഈ വ്യതിയാനത്തിനു കാരണം. ആവാസവ്യവസ്ഥയ്ക്ക് ഉചിതമായ പ്രവര്‍ത്തനങ്ങളല്ല നടക്കുന്നതെന്ന് സമീപ ദശകങ്ങളില്‍ നിന്നു വ്യക്തമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. ഉല്‍പ്പാദിപ്പിക്കാനും കൈവശം വയ്ക്കാനുമുള്ള പ്രേരണ ഒരു ആസക്തിയായി മാറിയിരിക്കയാണെന്നും അത് പരിസ്ഥിതിയെ കടിഞ്ഞാണില്ലാതെ ചൂഷണം ചെയ്യാനുള്ള അതിരുകടന്ന അത്യാഗ്രഹത്തില്‍ കലാശിക്കുന്നുവെന്നും പാപ്പാ പറയുന്നു.
കാലാവസ്ഥ പ്രശ്‌നങ്ങളെ ദരിദരുടെയും ഉയര്‍ന്ന ജനനിരക്കിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമത്തെയും പാപ്പാ അപലപിച്ചു. അത് തള്ളിക്കളയേണ്ട നുണകളാണെന്നും വാസ്തവത്തില്‍ ഇന്നു സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് പാവപ്പെട്ടവരാണെന്നും ചൂണ്ടിക്കാട്ടി.
ഉക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. ജീവിതം നശിപ്പിക്കുകയും നമ്മുടെ പൊതു ഭവനത്തെ നശിപ്പിക്കുകയും ചെയ്യുന്ന ആയുധങ്ങള്‍ക്കായി എത്രമാത്രം ഊര്‍ജ്ജമാണ് പാഴാക്കിക്കളയുന്നതെന്ന വസ്തുതയെക്കുറിച്ചു ചിന്തിക്കാന്‍ പാപ്പ പ്രേരിപ്പിച്ചു. സംഘര്‍ഷങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല മറിച്ച് അവ രൂക്ഷമാക്കുകയാണെന്ന തന്റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു.
നിലവിലെ പാരിസ്ഥിതിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം ഒരുമയുടെയും സഹകരണത്തിന്റെയും വഴിയാണെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. ആയുധങ്ങള്‍ക്കും മറ്റ് സൈനിക ചെലവുകള്‍ക്കുമായി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് പട്ടിണി അവസാനിപ്പിക്കാനും ദരിദ്ര രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കഴിയുന്ന ആഗോള ഫണ്ട് നമുക്ക് സ്ഥാപിക്കാം.
കാലാവസ്ഥ മാറ്റം സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രീയമാറ്റം ആവശ്യമായിരിക്കുന്നു എന്നാണെന്നും പാപ്പാ പറഞ്ഞു. സങ്കുചിതമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്നു വ്യതിചലിച്ച് പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു ബദല്‍ ദര്‍ശനത്തിനായി വാദിക്കുന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയം വളരണം.
നിലവിലെയും ഭാവി തലമുറയുടെയും ക്ഷേമത്തിനായി യോജിച്ച പ്രതികരണങ്ങള്‍ രൂപപ്പെടുത്താനുള്ള നയരൂപകര്‍ത്താക്കളുടെ ഉത്തരവാദിത്തത്തിലേക്കും പാപ്പ വിരല്‍ ചൂണ്ടി. ഇക്കാര്യത്തില്‍, കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയും പിന്തുണയും പരിശുദ്ധ പിതാവ് ഉറപ്പുനല്‍കി. ബോധവല്‍കരണ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും അതുപോലെ തന്നെ നല്ല ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പാപ്പ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.