ന്യൂഡല്‍ഹി : കേരളം പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ യുവ കേസരികള്‍ സംസ്ഥാനത്തേക്ക്. ടീം രാഹുലായിരിക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക എന്ന സൂചനയാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നത്. പ്രിയങ്കാ ഗാന്ധിയും സച്ചിന്‍ പൈലറ്റും പ്രചാരണത്തിനെത്തും.
വൈകാതെ തന്നെ രാഹുല്‍ കേരളത്തിലെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും. പിന്നീട് ഘട്ടം ഘട്ടമായി പ്രചാരണം ശക്തമാക്കും. തന്റെ വയനാട് ലോക്‌സഭാ മണ്ഡലം അടങ്ങുന്ന മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതും രാഹുലിന്റെ മനസിലുണ്ട്. രാഹുല്‍ ഗാന്ധിയായിരിക്കും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് ചുക്കാന്‍ പിടിക്കുക.
ആദ്യ വരവ് തമിഴ്നാട്ടിലേക്കാണ്. ഇവിടെ ഡിഎംകെയുമായി ചേര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ നേടാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളിലാണ് രാഹുല്‍ ആദ്യമെത്തുക. തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളില്‍ നിന്നാണ് കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം പുതുച്ചേരി നിലനിര്‍ത്തുകയെന്നതും രാഹുലിന്റെ ആവശ്യമാണ്.
നൂറ് സീറ്റുകള്‍ നേടി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരണമെന്നതാണ് ഹൈക്കമാന്റിന്റെ ലക്ഷ്യം. മേഖല തിരിച്ച് പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കോണ്‍ഗ്രസ് താര പ്രചാരകരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ മുഖ്യ പ്രചാരകരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം രാഹുലിന്റെ മേല്‍നോട്ടത്തിലാണ് നടക്കുക.ഇത് യൂത്ത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. വിജയ സാധ്യതയുള്ള സീറ്റുകളില്‍പലതും യുവാക്കള്‍ക്ക് ലഭിക്കാനിടയുണ്ട്. കോണ്‍ഗ്രസിന് പുതിയൊരു നേതൃത്വം കൂടിയാണ് ഇതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ കെപിസിസി പ്രസിഡന്റ് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തിരിച്ചെത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ 100 പ്ലസ് സീറ്റുകള്‍ എന്നത് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ച ടാര്‍ഗറ്റാണ്. എന്നാല്‍ 90 വരെ നേടാനാവുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍.
രാഹുലിനൊപ്പം താര പ്രചാരകരായായി പ്രിയങ്കാ ഗാന്ധിയും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൊഴുക്കും. യുപി കേന്ദ്രീകരിച്ചാണ് പ്രിയങ്ക പ്രചാരണം നടത്തുന്നതെങ്കിലും കേരളം രാഹുലിന്റെ തട്ടകമായതിനാല്‍ പ്രിയങ്കയും കൂടുതല്‍ സമയം ഇവിടെയുണ്ടാകും. ബീഹാറില്‍ പ്രിയങ്ക താര പ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസി സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവര്‍ കെപിസിസിയുമായി കൂടിയാലോചിച്ച് സിപിഎമ്മിനെ നേരിടാനുള്ള പദ്ധതി തയ്യാറാക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് പ്രചാരണത്തിന്റെ പ്രധാന ചുമതല. പ്രചാരണവും ഏകോപനവും ഗെലോട്ട് നിരീക്ഷിക്കും.
കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി. പരമേശ്വര തുടങ്ങിയവരും കേരളത്തില്‍ ക്യാമ്പ് ചെയ്യും. താരിഖ് അന്‍വറും ഇവര്‍ക്കൊപ്പമുണ്ടാവും. രാഹുല്‍ ബ്രിഗേഡിലെ പ്രമുഖനായകെ.സി വേണുഗോപാലിന്സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണായക റോളുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.