മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന: എങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന: എങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് വരുമ്പോള്‍ തെലങ്കാനയില്‍ ബിആര്‍എസ് നേതാവ് കെ.ചന്ദ്രശേഖര റാവുവിന്റെ ഹാട്രിക് സ്വപ്‌നത്തിന് തടയിട്ട് കോണ്‍ഗ്രസ് അധികാരത്തിലേക്ക് വരികയാണ്. ബിജെപി ഇവിടെ ഏറെ പിന്നിലാണ്.

ഈ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.

മധ്യപ്രദേശ്

മധ്യപ്രദേശ് നിയമസഭയിലേക്ക് 2018 നവംബര്‍ 28 നാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് അന്ന് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്.

230 അംഗ നിയമസഭയില്‍ 114 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നതോടെ തൂക്കുസഭയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിച്ചത്. 2003 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി 109 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.

എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ പഴയ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ കമല്‍നാഥിന് അധികാരം നഷ്ടമാവുകയും ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

ഛത്തീസ്ഗഡ്

2018 ല്‍ ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നത്. ദക്ഷിണ ഛത്തീസ്ഗഡിലെ 18 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് 2018 നവംബര്‍ 12 നും ബാക്കി 72 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടം നവംബര്‍ 20 നും നടന്നു.

അന്ന് ഭരണകക്ഷിയായ ബിജെപിയുടെ 15 സീറ്റിനെതിരെ 68 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫലപ്രഖ്യാപനത്തിന്റെയും ദിവസമായ ഡിസംബര്‍ 11ന് നിലവിലെ മുഖ്യമന്ത്രി രമണ്‍ സിങ് രാജിവച്ചു.

പടാനില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഡിസംബര്‍ 17 ന് അധികാരമേറ്റു.

രാജസ്ഥാന്‍

രാജസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി മാറി. ഭാരതീയ ജനതാ പാര്‍ട്ടി 73 സീറ്റുകള്‍ നേടി. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു ഇത്. 163 സീറ്റുകള്‍ നേടിയാണ് മുമ്പ് ബിജെപി വിജയിച്ചത്.

2018 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു. പിന്നീട് ഗെലോട്ട്- സച്ചിന്‍ പൈലറ്റ് അധികാര തര്‍ക്കവും വാക്‌പോരും കോണ്‍ഗ്രസ് വിജയത്തിന്റെ ശോഭ കുറച്ചു.

തെലങ്കാന

2014 ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭ തിരഞ്ഞെടുപ്പാണ് 2018 ഡിസംബര്‍ ഏഴിന് നടന്നത്. നിലവിലെ തെലങ്കാന രാഷ്ട്ര സമിതി (ഇപ്പോള്‍ ഭാരത് രക്ഷാ സമിതി), കോണ്‍ഗ്രസ്, ബിജെപി, തെലങ്കാന ജന സമിതി, തെലുങ്ക് ദേശം പാര്‍ട്ടി എന്നിവ തമ്മിലായിരുന്നു സംസ്ഥാനത്തെ പോരാട്ടം. ടിആര്‍എസ് വിജയിക്കുകയും കെ .ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയായി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.