മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി: പ്രതീക്ഷയോടെ എംഎന്‍എഫും സെഡ്പിഎമ്മും

മിസോറാമില്‍ വോട്ടെണ്ണല്‍ തുടങ്ങി: പ്രതീക്ഷയോടെ എംഎന്‍എഫും സെഡ്പിഎമ്മും

ഐസ്വാള്‍: മിസോറാമിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. വൈകാതെ തന്നെ ഫല സൂചനകള്‍ അറിയാം. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ഭരണ കക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും (എംഎന്‍എഫ്) സോറാം പീപ്പിള്‍സ് മൂവ്മെന്റും (സെഡ്പിഎം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എംഎന്‍എഫിന്റെ സോറം തംഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.

സെഡ്പിഎം മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. അതേസമയം തൂക്കു സഭയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തലുണ്ട്. സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. 40 നിയമസഭ സീറ്റില്‍ 39 ഉം പട്ടിക വര്‍ഗ സംവരണ സീറ്റുകളാണ്. ഒരു സീറ്റ് മാത്രമാണ് ജനറല്‍ വിഭാഗത്തിലുള്ളത്.

പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018 ല്‍ എംഎന്‍എഫ് സോറം തംഗയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്. 2013ല്‍ 34 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018 ല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രം. എംഎന്‍എഫിന് 26. ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു.

ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കന്‍ സംസ്ഥാനം കൂടിയാണ് മിസോറാം. അന്ന് സോറം മൂവ്‌മെന്റ് എന്ന സംഘടനയുടെ പിന്തുണയോടെ ജയിച്ച കയറിയ എട്ട് സ്വതന്ത്രര്‍ പിന്നീട് ലാല്‍ ദുഹോമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സോറാം പീപ്പിള്‍സ് മൂവ്മെന്റില്‍ ചേരുകയായിരുന്നു.

എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87 ശതമാനവും ക്രിസ്ത്യാനികളാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും ഇന്നത്തേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.