വാഷിങ്ടൺ: ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. കാപ്പിറ്റോള്‍ ഹില്‍ കലാപത്തെച്ചൊല്ലി ഡൊണാള്‍ഡ് ട്രംപ് കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചുകൊണ്ടാണ് ഇംപീച്ച്‌മെന്റിനായുള്ള പ്രമേയം അവതരിപ്പിച്ചു. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭ ഇന്ന് തന്നെ ഈ വിഷയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമേയം അംഗീകരിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ഒരേയൊരു റിപ്പബ്ലിക്കന്‍ പ്രസിഡന്റാകും ട്രംപ്.
ഡെമോക്രാറ്റിക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. അക്രമത്തിന് തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായി പ്രമേയത്തില്‍ ആരോപിക്കുന്നു. ചുമതലകള്‍ നിറവേറ്റാന്‍ കഴിവില്ലാത്ത ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ വൈസ് പ്രസിഡന്റിനും മന്ത്രിസഭയ്ക്കും അനുവദിക്കുന്ന 25-ാം ഭേദഗതി ഉപയോഗപ്പെടുത്തി ട്രംപിനെ നീക്കംചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ ചര്‍ച്ചയ്ക്കുവെച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശബ്ദവോട്ടോടെ തീരുമാനം തള്ളി.
പ്രമേയം പാസായാല്‍ തീരുമാനമെടുക്കാന്‍ പെന്‍സിന് 24 മണിക്കൂര്‍ സമയം നല്‍കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. പെന്‍സ് ഇതിനു തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.