കൊച്ചി: കേരളത്തിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ നോട്ടമിട്ടിട്ടുള്ള ബിജെപി ക്രൈസ്തവ സമൂഹത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ ഈസ്റ്ററിന് നടത്തിയതു പോലെ ക്രിസ്മസിന് ക്രൈസ്തവ ഭവനങ്ങളിലേക്ക് സ്‌നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരം കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമാണ് ഈ നീക്കത്തിന്റെ ചുമതല.
മൂന്ന് സംസ്ഥാനങ്ങളിലെ വന്‍ വിജയവും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന പ്രതീതിയും കേരളത്തിലും പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ ക്രൈസ്തവരെ തങ്ങളിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ പാലസ്തീന്‍ അനുകൂല റാലികള്‍ യഥാര്‍ത്ഥത്തില്‍ ഹാമാസ് അനുകൂല റാലികളാണെന്നാണ് ക്രൈസ്തവ മേഖലകളില്‍ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും നടത്തിയ പാലസ്തീന്‍ റാലികളില്‍ ക്രൈസ്തവ നേതൃത്വം അതൃപ്തരാണെന്നും ബിജെപി കണക്കു കൂട്ടുന്നു.
അതിനാല്‍ തന്നെ ക്രിസ്ത്യാനികളെ അടുപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. സ്നേഹയാത്ര എന്ന പേരില്‍ ക്രൈസ്തവരുമായി കൂടുതല്‍ അടുക്കാനുള്ള പ്രചാരണ പരിപാടി ബിജെപി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. ഇത് വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംസ്ഥാന ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
ബിജെപി തിരുവല്ലയില്‍ സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ സദസ് എന്ന ഹമാസ് വിരുദ്ധ പരിപാടിയില്‍ ഓര്‍ത്തഡോക്സ് സഭ, ഇവാഞ്ചലിക്കല്‍ സഭ, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് എന്നീ വിഭാഗങ്ങളിലെ തുടങ്ങിയവയിലെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.