ജയിച്ചെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി; ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍

ജയിച്ചെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി; ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം.

മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ ഉള്‍പ്പടെയുള്ളവരുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ തീരുമാനമായില്ല. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ബിജെപി വൃത്തങ്ങള്‍ തയാറായിട്ടുമില്ല.

അന്തിമ തീരുമാനത്തിലെത്തുന്നതിന് മുന്‍പ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താല്‍പര്യം കൂടി പാര്‍ട്ടി പരിഗണിച്ചേക്കുമെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിജെപി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എംഎല്‍എമാരെ മുന്‍നിര്‍ത്തി ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളോട് ബിജെപി നേതൃത്വത്തിന് താല്‍പര്യമില്ല. രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ദര രാജെയുടെ വസതിയില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെത്തിയിരുന്നു.

രാജസ്ഥാനില്‍ സസ്പെന്‍സ് നീളുകയാണ്. മുഖ്യമന്ത്രി ആരാകണമെന്നതില്‍ സംസ്ഥാന നേതൃത്വത്തിനിടയില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാര്‍ വസുന്ദര രാജെയെയും സംസ്ഥാന അധ്യക്ഷന്‍ സി.പി ജോഷിയേയും സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങും ജോഷിയും തമ്മിലും ചര്‍ച്ചകള്‍ നടന്നു.

ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രശേഖറുമായി ഇരുവരും ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ജോഷിയും അരുണ്‍ സിങും നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു തുടര്‍ ചര്‍ച്ചകള്‍. മുഖ്യമന്ത്രിയാരാകുമെന്നതില്‍ സൂചന നല്‍കിയില്ലെങ്കിലും തീരുമാനം ഉടനുണ്ടാകുമെന്നാണ് അരുണ്‍ സിങ് പ്രതികരിച്ചത്.

ഛത്തിസ്ഗഡില്‍ രേണുക സിങിന്റേയും മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റേയും വീടുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പോലീസ് സുരക്ഷയൊരുക്കിയിരുന്നു. മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് ചില സൂചനകള്‍ പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നടപടി. നിരവധി എംഎല്‍എമാര്‍ രമണ്‍ സിങിനെ വസതിയിലെത്തി കാണുകയും ചെയ്തിരുന്നു.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനിലേക്കാണ് എല്ലാ കണ്ണുകളും. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ നിന്നു തന്നെ ചൗഹാനെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രമുഖരായ ചില കേന്ദ്ര നേതാക്കള്‍ക്കും അദേഹത്തോട് താല്‍പര്യക്കുറവുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും താന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പട്ടികയിലില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി മധ്യപ്രദേശില്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് 66 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. രാജസ്ഥാനില്‍ 115 ഉം ഛത്തീസ്ഗഡില്‍ 54 ഉം സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.