ജാസ്പര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ക്വീന്‍സ് ലന്‍ഡ് തീരങ്ങളില്‍ മുന്നറിയിപ്പ്

ജാസ്പര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ക്വീന്‍സ് ലന്‍ഡ് തീരങ്ങളില്‍ മുന്നറിയിപ്പ്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്തിന്റെ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെതുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം. സോളമന്‍ ദ്വീപുകള്‍ക്ക് സമീപം ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ജാസ്പര്‍ അടുത്തയാഴ്ച ഓസ്ട്രേലിയന്‍ തീരങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിനെതുടര്‍ന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായി ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ജാസ്പര്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതായും അടുത്തയാഴ്ച ക്വീന്‍സ് ലന്‍ഡ് തീരങ്ങളില്‍ എത്തുമെന്നുമാണ് ഇപ്പോഴുള്ള കണക്കുകൂട്ടല്‍.

കെയ്ന്‍സിന് 1390 കിലോമീറ്റര്‍ അകലെയായി നിലകൊള്ളുന്ന ചുഴലിക്കാറ്റ് കാറ്റഗറി മൂന്ന് തീവ്രതയിലാണുള്ളത്. ഇത് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും വ്യാഴാഴ്ച രാത്രിയോടെ കാറ്റഗറി അഞ്ചായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ജാസ്പര്‍ ചുഴലിക്കാറ്റ് ഏതെല്ലാം പ്രദേശങ്ങളില്‍ ബാധിക്കുമെന്നത് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു.

കൊടുങ്കാറ്റ് നിലവില്‍ ക്വീന്‍സ്ലന്‍ഡ് തീരത്ത് നിന്ന് അകലെയാണെങ്കിലും, ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ വിനോദ സഞ്ചാര മേഖലകളായ കെയിന്‍സ്, പോര്‍ട്ട് ഡഗ്ലസ് എന്നിവയാണ്.

കാറ്റ് ശക്തി പ്രാപിക്കുന്നതിന് അനുസരിച്ച് ഓരോ ആറ് മണിക്കൂറിലും കാലാവസ്ഥ കേന്ദ്രം അപ്ഡേറ്റുകള്‍ നല്‍കും. 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതോടെ ആ പ്രത്യേക പ്രദേശത്ത് മുന്നറിയിപ്പ് പുറപ്പെടുവിക്കും. ജനങ്ങള്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.