ബ്യൂണസ് ഐറിസ്: സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനായി 11 കിലോമീറ്റർ ചെളിയിലൂടെ സഞ്ചരിച്ച മാക്സിമിലിയാനോ പവില്ലക്സ് എന്ന അർജന്റീനക്കാരനായ ബാലനെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പ. പ്രതിസന്ധികളും തടസങ്ങളും തരണം ചെയ്ത് സ്ഥൈര്യലേപനം സ്വീകരിക്കാനെത്തിയ 11കാരന്റെ തീക്ഷ്ണതയെ ഫ്രാൻസിസ് മാർപാപ്പ അഭിനന്ദിച്ചു.
കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുർബാനക്കിടെ ഫ്രെയിം ചെയ്ത അപ്പസ്തോലിക ആശീർവാദവും പരിശുദ്ധ പിതാവിന്റെ സമ്മാനങ്ങളും മാർസിഡസ് ലവാൻ സഹായ മെത്രാൻ ബിഷപ്പ് മൗറിസിയോ ലാന്ദ്ര ബാലന് നൽകി. ബിഷപ്പ് മൗറിസിയോ ലാന്ദ്ര മാർപാപ്പയുടെ അംഗീകാരം നൽകുന്നതിനായി സൂയിപാച്ചയിലേക്ക് പ്രത്യേക യാത്ര പോയിരുന്നു.
2022 ഡിസംബർ മുതൽ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ പട്ടണമായ സുയിപ്പാച്ച ഗ്രാമ പ്രദേശത്ത് മാതാപിതാക്കളോടും നാല് സഹോദരങ്ങളോടുമൊപ്പം താമസിച്ചുവരികയാണ് മാക്സിമിലിയാനോ. ഈ വർഷം നവംബർ 11 നാണ് സ്ഥൈര്യലേപനം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നതിനായി മാക്സിമിലിയാനോയ്ക്ക് മതാധ്യാപകനായ ഇവാ നഗരപ്രദേശത്തുനിന്ന് 15 കിലോമീറ്റർ അകലെയുള്ള അവന്റെ വീട്ടിലേക്ക് പഠനസാമഗ്രികൾ അയച്ച് കൊടുത്തിരുന്നു.
എന്നാൽ തയ്യാറെടുപ്പുകൾക്കൊടുവിൽ സ്ഥൈര്യലേപനത്തിനടുത്ത ദിവസങ്ങളിൽ കാലാവസ്ഥ മോശമായി. സ്ഥൈര്യലേപനത്തിനു തലേ ദിവസം കനത്ത മഴയിൽ വഴി മുഴുവൻ ചെളി നിറഞ്ഞു. ട്രാക്ടർ മാത്രമേ ആ വഴിയിലൂടെ പോവുകയുള്ളൂ. എന്നാൽ മാക്സിമിലിയാനോയുടെ പിതാവിന്റെ ട്രാക്ടർ ആ ആഴ്ചയിൽ വയലിലെ പണിക്കിടയിൽ കേടായിരുന്നു. കുടുംബം വല്ലാത്ത വിഷമത്തിലായി.
ആകെ ഉണ്ടായിരുന്ന ഒരു മാർഗം ആ ചെളിയിലൂടെ നടക്കുക എന്നതുമാത്രമായിരുന്നു. അതും 11 കിലോമീറ്റർ അതിന് മാക്സിമിലിയാനോ സമ്മതിക്കുമെന്ന് അവന്റെ മാതാപിതാക്കൾ കരുതിയില്ല. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ആ ചെളിയിലൂടെ നടന്നു പോകാൻ തയ്യാറായി. അങ്ങനെ അവർ മൂന്നു മണിക്കൂർ നടന്ന് പത്തരയ്ക്കു തീരുമാനിച്ചിരുന്ന ചടങ്ങുകൾക്ക് എത്തിച്ചേർന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.