വാഷിങ്ടണ്‍: ക്യൂബന്‍ ഭരണാധികാരികളും വിപ്ലവ നേതാക്കളുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെയും റൗള്‍ കാസ്ട്രോയുടെയും സഹോദരി ജൊനിറ്റ കാസ്ട്രോ (90) അന്തരിച്ചു. മിയാമിയിലായിരുന്നു അന്ത്യം.
'ഫിഡല്‍ ആന്റ് റൗള്‍ മൈ ബ്രദേഴ്സ് ദി സീക്രട്ട് ഹിസ്റ്ററി' എന്ന പേരില്‍ 2019 ല്‍ ജൊനിറ്റ എഴുതിയ പുസ്തകത്തിന്റെ സഹ എഴുത്തുകാരിയായ മാധ്യമ പ്രവര്‍ത്തക മരിയ അന്റോണിറ്റ കൊള്ളിന്‍സ് തിങ്കളാഴ്ചയാണ് മരണ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍ ക്യൂബന്‍ മാധ്യമങ്ങളും സര്‍ക്കാരും മരണ വിവരം ബുധനാഴ്ച വരെ പുറത്തു വിട്ടില്ല.
അമേരിക്കന്‍ ചാര സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി (സി.ഐ.എ)ക്കു വേണ്ടി ക്യൂബന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ജൊനിറ്റ കടുത്ത കമ്യൂണിസ്റ്റ് വിരോധിയായിരുന്നു.
ക്യൂബയില്‍ നിന്ന് പലായനം ചെയ്തശേഷം ഫ്‌ളോറിഡയിലായിരുന്നു ആറ് പതിറ്റാണ്ട് കാലം താമസിച്ചത്. 1961 ല്‍ അമേരിക്ക പരാജയപ്പെട്ട ബെ ഓഫ് പിഗ്സ് ആക്രമണത്തിനു പിന്നാലെയാണ് ജൊനിറ്റ സി.ഐ.എയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുങ്ങിയത്.
1961 ല്‍ മെക്സിക്കോ സിറ്റിയിലേക്കുള്ള യാത്രക്കിടെ ഒരു സിഐഎ ഉദ്യോഗസ്ഥനെ കാണാന്‍ തന്നെ പ്രേരിപ്പിച്ചത് ക്യൂബയിലെ ബ്രസീല്‍ അംബാസിഡറുടെ ഭാര്യയാണെന്ന് ജോനിറ്റ തന്റെ പുസ്തകത്തില്‍ പറയുന്നു.
തനിക്ക് പണം ആവശ്യമില്ലെന്നും സഹോദരന്മാര്‍ക്കോ മറ്റുള്ളവര്‍ക്കോ എതിരായ ആക്രമണങ്ങളെ പിന്തുണക്കില്ലെന്നും അവര്‍ സിഐഎയോട് പറഞ്ഞതായി പുസ്തകത്തിലുണ്ട്. രഹസ്യ സന്ദേശങ്ങള്‍ ക്യൂബയിലേക്കു കടത്താന്‍ സിഐഎ തന്നെ ഉപയോഗിച്ചായും അവര്‍ വെളിപ്പെടുത്തി.
കമ്യൂണിസ്റ്റുകാരായ സഹോദരന്മാര്‍ക്കും കടുത്ത കമ്യൂണിസ്റ്റ് വിരോധിയായ ജൊനിറ്റക്കുമിടയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ ഇവരുടെ മാതാവിന് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍ 1963 ല്‍ അമ്മ മരിച്ചതോടെ അടുത്ത വര്‍ഷം തന്നെ ജോനിറ്റ മെക്സിക്കോയിലേക്ക് പോയി. മെക്സിക്കോയിലെത്തിയ ശേഷം അവര്‍ സഹോദരങ്ങളെ നേരില്‍ കണ്ടിട്ടില്ല.
ഫിഡലിനും റൗളിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് പിന്നീടവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ജയിലാക്കി ക്യൂബയെ തന്റെ സഹോദരങ്ങള്‍ മാറ്റിയെന്നും അന്താരാഷ്ട്ര കമ്യൂണിസം അടിച്ചേല്‍പ്പിക്കുന്ന പീഡനത്തിന്റെ കുരിശില്‍ ആളുകളെ ബന്ധികളാക്കിയെന്നും ജൊനിറ്റ വിമര്‍ശിച്ചു.
സിഐഎക്ക് വേണ്ടി പ്രവര്‍ത്തിച്ചത് രഹസ്യമായിരുന്നതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം അമേരിക്കയിലെത്തിയ ഇവരെ പല ക്യൂബന്‍ പ്രവാസികളും കമ്യൂണിസ്റ്റ് ചാരയാണെന്ന് സംശയിച്ചു. സിഐഎയുടെ പിന്തുണയുള്ള ഒരു സന്നദ്ധ സംഘടനയില്‍ ചേര്‍ന്ന് ക്യൂബന്‍ സര്‍ക്കാരിനെതിരെ പിന്നീടവര്‍ പ്രവര്‍ത്തിച്ചു. 1984 ല്‍ ജൊനിറ്റക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചു.
2008 വരെയായിരുന്നു ഫിഡല്‍ കാസ്ട്രോയുടെ ഭരണം. പിന്നീട് സഹോദരന്‍ റൗളിന് അധികാരം കൈമാറി. ഒരു ദശാബ്ദകാലം റൗളിന്റെ കൈകളിലായിരുന്നു അധികാരം. 2006 ല്‍ ഫിഡല്‍ കാസ്ട്രോയുടെ ആരോഗ്യനില ഗുരുതരമായതോടെ ലിറ്റില്‍ ഹവാനയിലെ ജനങ്ങളടക്കം ഇത് ആഘോഷിച്ചു.
എന്നാല്‍ തനിക്ക് സന്തോഷിക്കാന്‍ കഴിയില്ലെന്നും ഫിഡല്‍ തന്റെ സഹോദരനാണെന്നും അവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. രാഷ്ട്രീയപരവും ആശയപരവുമായ കാരണങ്ങളാലാണ് സഹോദരങ്ങളോട് അകന്നതെന്നും തനിക്ക് വലിയ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
2016 ലാണ് ഫിഡല്‍ കാസ്ട്രോ അന്തരിച്ചത്. 92 കാരനായ റൗള്‍ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. മൂത്ത സഹോദരന്‍ റമോണ്‍(91) അന്തരിച്ചതും 2016 ല്‍ ആയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.