സഭയെ പുരുഷകേന്ദ്രീകൃതമാക്കുന്നത് 'മഹാപാപം'; കര്‍ദിനാള്‍മാരുടെ കൗണ്‍സിലില്‍ ഫ്രാന്‍സിസ് പാപ്പ

സഭയെ പുരുഷകേന്ദ്രീകൃതമാക്കുന്നത് 'മഹാപാപം'; കര്‍ദിനാള്‍മാരുടെ കൗണ്‍സിലില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്ത്രീയായ സഭയെ പുരുഷകേന്ദ്രീകൃതമാക്കുന്നത് ഒരു 'മഹാപാപം' ആണെന്നു ഫ്രാന്‍സിസ് പാപ്പ. സ്ത്രീ എന്താണെന്നോ സ്ത്രീത്വത്തിന്റെ ദൈവശാസ്ത്രം എന്താണെന്നോ നമുക്ക് മനസിലാകുന്നില്ലെങ്കില്‍, സഭ എന്താണെന്ന് ഒരിക്കലും മനസിലാക്കാനാകില്ല. വത്തിക്കാനില്‍ കര്‍ദിനാളന്മാരുടെ ഉപദേശകസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പായുടെ ഓര്‍മപ്പെടുത്തല്‍.

ഡിസംബര്‍ നാലിനാണ് മാര്‍പാപ്പായുടെ അധ്യക്ഷതയില്‍ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ കൗണ്‍സില്‍ യോഗം ആരംഭിച്ചത്. 'സഭാപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്ക്' എന്നതാണ് ചര്‍ച്ചകളുടെ പ്രധാന വിഷയം. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനുമായി ഫ്രാന്‍സിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയില്‍ എടുത്തു പറഞ്ഞ 'സഭയുടെ സ്ത്രീത്വ കാഴ്ച്ചപ്പാട്' കര്‍ദിനാളന്മാരുടെ കൂടിയാലോചനയിലും ആവര്‍ത്തിക്കും.

സഭയുടെ പുരുഷവല്‍ക്കരണം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ ഒരു കാഴ്ചപ്പാട് തിരുത്താന്‍ അധികാരശൃംഖലയിലൂടെയല്ല മറിച്ച് ആത്മീയതയുടെ യാഥാര്‍ത്ഥ വഴികളിലൂടെയാണ് പരിശ്രമിക്കേണ്ടത്. പത്രോസിനെക്കാള്‍ പ്രാധാന്യം പരിശുദ്ധ കന്യകാമറിയത്തിനുണ്ടായിരുന്നതുപോലെ വേറിട്ട ഒരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരായ പിയട്രോ പരോളിന്‍, ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗ, ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീന്‍ പാട്രിക് ഒമാലി, ഹുവാന്‍ ഹോസെ ഒമെല്ല, ജെറാള്‍ഡ് ലാക്രോയിക്‌സ്, ജീന്‍-ക്ലോഡ് ഹോളറിച്ച്, സെര്‍ജോ ദാ റോച്ച എന്നിവരാണ് കൗണ്‍സില്‍ അംഗങ്ങള്‍.

2013 സെപ്റ്റംബര്‍ 28-ന് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ കൗണ്‍സില്‍ സ്ഥാപിച്ചത്. സഭാ ഭരണത്തില്‍ തന്നെ സഹായിക്കുന്നതിനും റോമന്‍ കൂരിയയുടെ നവീകരണത്തിനുള്ള പദ്ധതി പഠിക്കുന്നതിനുമുള്ള ചുമതലയാണ് ഈ കര്‍ദിനാള്‍ സംഘത്തിനു പാപ്പാ നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.