കാണാതായ ചൈനീസ് മുന്‍ വിദേശകാര്യമന്ത്രി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്; ഭരണകൂടത്തിന്റെ പീഡനം കാരണമെന്ന് ആരോപണം

കാണാതായ ചൈനീസ് മുന്‍ വിദേശകാര്യമന്ത്രി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്; ഭരണകൂടത്തിന്റെ പീഡനം കാരണമെന്ന് ആരോപണം

ബീജിങ്: ഏറെ വിവാദം സൃഷ്ടിച്ച തിരോധാനത്തിനൊടുവില്‍ ചൈനയിലെ മുന്‍ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ് മരിച്ചതായി റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളായിരുന്നു ക്വിന്‍. 2022 ഡിസംബറിലാണ് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയായി അമ്പത്തിയേഴുകാരനായ ക്വിന്‍ ഗാങ് നിയമിതനായത്.

കഴിഞ്ഞ ജൂലൈയിലാണ് ക്വിന്‍ ഗാങ്ങിനെ കാണാതായെന്ന വിവരം പുറത്തുവന്നത്. ജൂണ്‍ 25ന് ശ്രീലങ്ക, വിയറ്റ്നാം, റഷ്യന്‍ പ്രതിനിധി സംഘങ്ങളുമായി ബീജിങ്ങില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം ക്വിന്‍ ഗാങ് പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനാകുകായിരുന്നു

പൊതുപരിപാടികളിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം ചൂടേറിയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ദീര്‍ഘനാളായി അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുന്നതിനാല്‍ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതായി ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ തിരോധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല.

ടെലിവിഷന്‍ അവതാരകയായ ഫ്യൂ ക്യുസിയോക്ക്യനുമായുള്ള വിവാഹേതര ബന്ധമാണ് ഗാങ് അപ്രത്യക്ഷനാകാന്‍ കാരണമെന്നാണ് പ്രചരിക്കുന്ന മറ്റൊരു അഭ്യൂഹം. ഫ്യൂ ക്യുസിയോക്ക്യനുമായുള്ള ഗാങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ വിവാഹേതര ബന്ധങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്.

അദ്ദേഹം നാടുവിട്ടെന്നും ചൈനീസ് ഭരണകൂടത്തിന്റെ തടവില്‍ ആണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യചെയ്തെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബീജിങ്ങിലെ സൈനിക ആശുപത്രിയിലായിരുന്നു മരണമെന്നും വ്യക്തമാക്കുന്നു.

അതേസമയം ചൈനീസ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ക്വിന്‍ മരിച്ചതാണെന്നുള്ള ആരോപണവും പുറത്തുവരുന്നുണ്ട്. അമേരിക്കയിലെ ചൈനീസ് അംബാസിഡര്‍ കൂടിയായിരുന്നു ക്വിന്‍. സേവനകാലയളവില്‍ നിര്‍ണായകമായ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയെന്ന ആരോപണം ക്വിന്നിനെതിരെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ക്വിന്നിനെ കാണാതെ ആകുന്നത്.

പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന നേതാവായിരുന്നു ക്വിന്‍ ഗാങ്. ഗാങ്ങിന്റെ പെട്ടന്നുള്ള തിരോധാനത്തെക്കുറിച്ചു വിദേശരാജ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.