മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തേണ്ടത് തമിഴ്നാടല്ല; രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതി: സുപ്രീം കോടതിയില്‍ കേരളം

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തേണ്ടത് തമിഴ്നാടല്ല; രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതി: സുപ്രീം കോടതിയില്‍ കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാടിനെ ചുമതലപെടുത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിലപാടിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍.

ഇതുസംബന്ധിച്ച് കേരളം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര ജല കമ്മീഷന്റെയും മേല്‍നോട്ട സമിതിയുടെയും നിലപാട് തള്ളിയത്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സുരക്ഷാ പരിശോധനയ്ക്ക് തമിഴ്നാടിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സത്യവാങ്മൂലം ജൂലൈയില്‍ കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തമിഴ്നാടിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലെയും പ്രതിനിധികളും രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും അടങ്ങുന്ന സമിതിയാണ് അണക്കെട്ട് പരിശോധിക്കേണ്ടതെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അണക്കെട്ടില്‍ അവസാന പരിശോധന നടന്നത് 2011 ലാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ട് പ്രളയവും നിരവിധി കനത്ത മഴകളും ഈ പ്രദേശത്ത് ഉണ്ടായി. ഇതും അണക്കെട്ടിന്റെ പ്രായവും കൂടി കണക്കിലെടുത്ത് ഉടന്‍ സുരക്ഷാ പരിശോധന നടത്താന്‍ പുനസംഘടിപ്പിക്കപ്പെട്ട മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നാണ് കേരളത്തത്തിന്റെ ആവശ്യം.

ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.